യുക്മ കേരളാപൂരംവള്ളംകളിയുടെ ആരവം കെട്ടടങ്ങും മുപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു.
നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വര്‍ഷത്തില്‍ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റര്‍ വേദിയൊരുക്കുന്നത്.
ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡന്റ്മാര്‍ക്കും റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍ക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ അംഗ അസ്സോസ്സിയേഷനുകള്‍ക്ക് അയക്കുവാന്‍ കഴിയുംവിധം ഇ-മാനുവല്‍ തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോക പ്രവാസി മലയാളി ദേശീയ സംഘടനകളില്‍ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാര്‍ത്ഥികളും വിപുലമായ സംഘാടക നിരയും ചേര്‍ന്ന് അയ്യായിരത്തോളം മലയാളികള്‍ ഒത്തുചേരുന്ന യുക്മ ദേശീയ കലാമേളകള്‍ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.
നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, സ്കോട്ട്ലന്‍ഡ്, യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ , ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നീ ഒന്‍പത് യുക്മ റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളകളില്‍ വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്നത്.