ആളും ആഡംബരവുമില്ലാതെ ചിദംബരം തീഹാറിലെ ഏഴാം നമ്പര്‍ ജയിലില്‍
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വാഹനവും ഇസഡ് ക്യാറ്റഗറി സെക്യൂരിറ്റിയും ആഡംബര ബംഗ്‌ളാവുമെല്ലാം പരിചയിച്ച മുന്‍ ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം ഇന്നലെ കിടന്നുറങ്ങിയത് ജയിലിലെ തടിക്കട്ടിലില്‍. ജയില്‍ ചപ്പാത്തിയും പച്ചക്കറിയും ആഹാരം. ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതോടെ തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലേക്കാണ് ചിദംബരത്തെ സുപ്രീംകോടതി അയച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഏഴാം നമ്പര്‍ ജയില്‍. ജയിലില്‍ അദ്ദേഹത്തിന് മരുന്നും പ്രത്യേക സെല്ലും ഉള്‍പ്പെടെ മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന് കോടതി ജയില്‍ അധികൃതര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. തീഹാര്‍ ജയിലിലേക്ക് അയയ്ക്കുകയാണെങ്കില്‍ തനിക്ക് മരുന്നുകളും പാശ്ചാത്യ ടോയ്‌ലറ്റ് സൗകര്യവും നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. നേരത്തേ മകന്‍ കാര്‍ത്തി ചിദംബരം കിടന്ന ജയിലില്‍ തന്നെയാണ് ചിദംബരത്തെയും പാര്‍പ്പിച്ചത്.
സ്ഥിരമായി ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ രുചിക്കുന്ന ചിദംബരത്തിന് ജയില്‍ കാന്റീനില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ക്ക് കാണാനും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും അനുമതി നല്‍കിയിരുന്നു. ജയില്‍ മാനുവല്‍ പ്രകാരം തടവുകാര്‍ നിലത്ത് കിടന്നുറങ്ങണമെന്നാണ് നിയമമെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് കിടക്ക കൂടാതെയുള്ള തടിക്കട്ടില്‍ അനുവദിക്കാറുണ്ട്. തടിക്കട്ടില്‍ കിടന്ന ചിദംബരത്തെ ശാരീരിക പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
ആഗസ്റ്റ് 21 ന് അറസ്റ്റിലായ ശേഷം സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.
ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയിലൂടെ 2007 ല്‍ ധനമന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് ചിദംബരം വന്‍ തോതില്‍ വിദേശപണം സമ്പാദിച്ചെന്നാണ് കേസ്. ഷീനാബോറ കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഐഎന്‍എക്‌സ് മീഡിയ സഹ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരം കുടുങ്ങിയത്.
എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണവുമായി ഇരുവരും പൂര്‍ണമായും സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ദല്‍ഹി റോസ് അവന്യൂ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.