എന്ത് പ്രളയം! മലയാളി ഒരാഴ്ചകൊണ്ട് അകത്താക്കിയത് 487 കോടിയുടെ മദ്യം
കടുത്ത സാമ്പത്തിക മാന്ദ്യവും പ്രളയം തീര്‍ത്ത ദുരിതവും മൂലം അന്യനാടുകളില്‍ കൈനീട്ടുന്നതിനിടയിലും കേരളത്തില്‍ ഓണക്കാലത്തെ മദ്യവില്‍പ്പന പൊടിപൊടിച്ചു. കഴിഞ്ഞ എട്ടുദിവസം കൊണ്ട് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യമാണ്.
ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഉത്രാട ദിവസം വിറ്റതിനേക്കാള്‍ കോടിക്കണക്കിന് രൂപയുടെ അധികമദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടി രൂപയ്ക്കാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് വിറ്റത് 88 കോടിയുടെ മദ്യമായിരുന്നു. വില്‍പ്പനയില്‍ മുന്നില്‍ ഇരിങ്ങാലക്കുടയാണെന്നും എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാട നാളില്‍ മാത്രം ഇവിടെ 1.44 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 1.22 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. തിരുവോണ നാളില്‍ ബിവ്റേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാല്‍ ഉത്രാടത്തിന് വലിയ വില്‍പ്പന നടന്നിരുന്നു.
കഴിഞ്ഞവര്‍ഷം 457 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചതെങ്കില്‍ അത് ഇത്തവണ 487 കോടിയായി ഉയര്‍ന്നു. ബിവറേജസ് കോര്‍പറേഷനില്‍ എട്ട് ദിവസം കൊണ്ട് 30 കോടിയുടെ വര്‍ദ്ധനയാണ് വില്‍പ്പനയില്‍ ഉണ്ടായത്.
വ്യാജന്റെ വില്‍പ്പന ഇതിനു പുറമെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനവരുമാനമായി മദ്യ കച്ചവടം മാറിയിരിക്കുകയാണ്. ബാറുകളെല്ലാം തുറന്നും പുതിയ ഔട്ട് ലൈറ്റുകള്‍ സ്ഥാപിച്ചും വില കൂട്ടിയും സര്‍ക്കാര്‍ മദ്യപാനത്തെ പ്രധാന വരുമാന സ്രോതസ്സായി മാറ്റിക്കഴിഞ്ഞു. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കും എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്നതാണ് രസകരം.