യുക്മയുടെ കള്‍ച്ചറല്‍ വിഭാഗമായ യുക്മ സാംസ്‌ക്കാരികവേദി പുറത്തിറക്കുന്ന 'ജ്വാല' ഇമാഗസിന്റെ സെപ്റ്റംബര്‍ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടല്‍കടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സ് ആണ് ഇത്തവണത്തെ മുഖചിത്രം.
പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവര്‍ഗത്തിന്റെയും ചതിയില്‍ കുടുങ്ങി തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുവാന്‍ പോകുന്നത് നോക്കിനില്‍ക്കേണ്ടിവരുന്ന കുടുംബങ്ങളുടെ നിസ്സഹായതയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിന്റെ പ്രമേയം. പൊളിച്ചു നീക്കല്‍ ഭീക്ഷണി നേരിടുന്ന കൊച്ചിയിലെ വിവാദമായ മരട് അപ്പാര്‍ട്ട്‌മെന്റ്‌സ് വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.
മലയാള സാഹിത്യകാരന്മാരില്‍ ഉന്നതനായ ചിന്തകനായ ആനന്ദുമായി എം എന്‍ കാരശ്ശേരി മാഷ് നടത്തിയ അഭിമുഖത്തോട് കൂടി ആരംഭിക്കുന്ന ജ്വാല ഇ മാഗസിന്റെ സെപ്റ്റംബര്‍ ലക്കത്തില്‍, നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സര്‍വ്വ ദിക്കില്‍ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമകാലിക സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്‌നങ്ങളെ ആനന്ദ് എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.
ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയാണ് മലയാളത്തിന്റെ പ്രിയ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്‍ എഴുതിയ 'എന്തായിരുന്നു? എന്താവണം? നവോത്ഥാനം' എന്ന ലേഖനം വായനക്കാരെ നവോത്ഥാനത്തെക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ മനസിലാക്കുവാന്‍ സഹായിക്കുന്നതോടൊപ്പം ലേഖകന്റെ അപാരമായ അറിവ് അത്ഭുതമുളവാക്കുകയും ചെയ്യുന്നു.
മലയാളിക്ക് വളരെ സുപരിചിതനാണ് സിനിമാഗാനങ്ങളോട് ബന്ധപ്പെട്ട വിഷയങ്ങള്‍ എഴുതുന്ന രവി മേനോന്‍. അദ്ദേഹം എഴുതിയ 'എന്നിട്ടും തോല്‍ക്കാതെ ജോണ്‍സണ്‍' എന്ന ഓര്‍മ്മക്കുറിപ്പില്‍ 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ... എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുന്ന കാര്‍ട്ടൂണ്‍ പംക്തിയായ വിദേശവിചാരത്തില്‍ പുതിയൊരു വിഷയുമായി ചിത്രകാരന്‍ സി ജെ റോയ് എത്തുന്നു. മനോഹരങ്ങള കഥകളും കവിതകളും അടങ്ങുന്ന ജ്വാലയുടെ സെപ്തംബര്‍ ലക്കം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം.
https://issuu.com/jwalaemagazine/docs/september_2019