ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ വിമാന കമ്പനികള്‍ മുന്‍പോട്ട് വരണമെന്ന് ഫെഡറല്‍ ടൂറിസം മന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം. സൗത്ത് ഓസ്‌ട്രേലിയയില്‍ നടക്കുന്ന 25മത് ലോക റൂട്സ് കോണ്‍ഫറന്‍സില്‍ ആണ് മന്ത്രി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാന കമ്പനികളില്‍ നിന്നും, വിമാനത്താവളങ്ങളില്‍ നിന്നുമുള്ള 2,000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നും 342,694 പേരാണ് കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ സന്ദര്‍ശിച്ചത്. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തിന് ആനുപാതികമായുള്ള വിമാന സര്‍വീസുകള്‍ ഇല്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹിയിലേക്ക് നേരിട്ട് ആഴ്ചയില്‍ എട്ട് സര്‍വീസുകള്‍ നടത്തുന്നത് എയര്‍ ഇന്ത്യ മാത്രമാണ്. ഓസ്‌ട്രേലിയന്‍ ടൂറിസം മേഖലയുടെ വികസനത്തിന് ഇനിയും നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യമാണെന്ന് സൈമണ്‍ വ്യക്തമാക്കി. ഇതിനായി കൂടുതല്‍ കമ്പനികള്‍ മുന്‍പോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ 90 ശതമാനം ഇന്ത്യക്കാരും ഓസ്‌ട്രേലിയയിലെത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനേയും തായ് എയര്‍ലൈന്‍സിനേയുമാണ് ആശ്രയിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ സിഡ്‌നിയില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ പന്ത്രണ്ടര മണിക്കൂറും, ഹോങ്കോങ് വഴി 18 മണിക്കൂറും യാത്ര ചെയ്യണം.
ഇത് മൂലം വര്‍ദ്ധിച്ച യാത്രാ സമയവും ചിലവുമാണ് യാത്രക്കാര്‍ നേരിടേണ്ടി വരുന്നത്. ഇത് കൂടുതല്‍ സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയില്‍ 13 പേരില്‍ ഒരാള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ വികസനം അനിവാര്യമാണ്. അതുകൊണ്ടു തന്നെ പുതിയ വിമാന റൂട്ടുകളും സര്‍വീസുകളും തുടങ്ങുന്നത് വഴി മാത്രമേ ഇത് സാധ്യമാകൂവെന്ന് മന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം വ്യക്തമാക്കി.
2019 മാര്‍ച്ച് വരെയുള്ള കണക്ക് അനുസരിച്ച് ഏതാണ്ട് 170,800 ഇന്ത്യക്കാര്‍ വിക്ടോറിയ സന്ദര്‍ശിച്ചപ്പോള്‍ 163,000 പേരാണ് NSW സന്ദര്‍ശിച്ചിരിക്കുന്നത്. 2030 ഓടെ ഒരു മില്യണ്‍ ഇന്ത്യന്‍ സന്ദര്‍ശകരെയാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമാക്കാന്‍ വര്‍ഷം 250 അധിക വിമാന സര്‍വീസുകള്‍ അഥവാ ആഴ്‌ചയില്‍ അഞ്ച് അധിക സര്‍വീസുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ഓരോ വര്‍ഷവും സര്‍വീസുകളുടെ കാര്യത്തില്‍ പുനഃപരിശോധന നടത്തുന്നുണ്ടെന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വണ്ടാസും ക്വന്റോസ് വ്യക്തമാക്കി.