യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസിന്റെ റീജിയണായ നോര്‍ത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബര്‍ 12 ന് തിരി തെളിയുന്നതോടെ യുക്മയുടെ 2019ലെ കലാ മാമാങ്കങ്ങള്‍ക്ക് തുടക്കം കുറിക്കും.
2019ലെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 12 ശനിയാഴ്ച റെഡിംങ്ങില്‍ വച്ച് നടത്തപ്പെടുന്നതാണെന്നു സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു. യുക്മയിലെ തന്നെ അംഗബലം കൊണ്ട് മുന്‍നിരയില്‍ നില്‍ക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ 24 അസോസിയേഷനുകള്‍ പങ്കെടുക്കുന്ന ഈ കലാമേള പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല.
യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്‌കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു കടന്നുവരാന്‍ ഇനി കേവലം പതിനാറ് ദിവസങ്ങളുടെ കാത്തിരുപ്പു മാത്രം!
സൗത്ത് ഈസ്റ്റ് റീജിയനിലെങ്ങും ആവേശത്തിന്റെ പെരുംപറയുണര്‍ത്തുന്ന കലകളുടെ ഈ മാമാങ്കം വിജയകരമായി നടപ്പിലാക്കാന്‍ ഈ വരുന്ന ഞായറാഴ്ച (29/9/19) വൈകിട്ട് 5 മണിക്ക് വോക്കിങ് നഗരത്തില്‍ വിളിച്ചുകൂട്ടുന്ന യോഗത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, മുന്‍ യുക്മ പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍, മുന്‍ യുക്മ ട്രഷറര്‍ ഷാജി തോമസ്, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ വെച്ച് സ്വാഗതസംഘം രൂപീകരിക്കുകയും കലാമേളയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും എടുക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള വന്‍പിച്ച വിജയമാക്കുവാന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.