ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയരുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ് . ടെഹ്‌റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും സല്‍മാന്‍ പറഞ്ഞു.
'ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകം ശക്തവും ഉറച്ചതുമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത അത്ര ഉയര്‍ന്ന നിരക്കിലേക്ക് ഉയരുകയും ചെയ്യും, 'സല്‍മാന്‍ ഞായറാഴ്ച വൈകുന്നേരം സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നാലെ രൂക്ഷമായിരുന്നു.
അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന സൗദിയുടെ വാദം ഇറാന്‍ തള്ളിയിരുന്നു. ആക്രമണത്തിന് പിന്നില്‍ യെമന്‍ ഹൂതി വിമതര്‍ ആണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്റേതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടുമായി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.
ഇതിനിടെ, സൈനിക പ്രതികരണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. 'ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജി.ഡി.പിയുടെ 4 ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഈ മൂന്ന് കാര്യങ്ങളും അവസാനിക്കുന്നുവെന്ന് കരുതുക. അത് ബാധിക്കുക സൗദി അറേബ്യയെയോ മിഡില്‍ ഈസ്റ്റിനെയോ മാത്രമല്ല. ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തന്നെ ഇത് കാരണമാകും- അദ്ദേഹം പറഞ്ഞു.
അതിനിടെ ,യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളങ്ങള്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ അഞ്ഞൂറിലധികം സൈനികരെ വധിച്ചതായും ആയിരക്കണക്കിന് സൈനികരെ തടവിലാക്കിയെന്നും ഹൂതി വിമതര്‍ പറഞ്ഞു.ഇത് സംബന്ധിച്ച വീഡിയോ ഹൂതി വിമതര്‍ പുറത്തുവിട്ടിട്ടുണ്ട്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു. ആക്രമണം. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തില്‍ ഇരുന്നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതായി യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞു.