ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 6.55നാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യുയോര്‍ക്ക് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പ്രായം 32 നും 49 നും ഇടയിലാണ്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.
രണ്ടുപേര്‍ സംസ്ഥാനത്തിന് പുറത്തുള്ളവരും മറ്റുള്ളവര്‍ ബ്രൂക്ലിനില്‍ നിന്നുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ മൂന്ന് പേരില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഇവരില്‍ ഒരാളുടെ കൈയ്ക്കും മറ്റ് രണ്ട് പേരുടെ കാലിനുമാണ് വെടിയേറ്റത്. നിരവധി സ്ത്രീകള്‍ സംഭവ സ്ഥലത്തു കരഞ്ഞുകൊണ്ട് പരസ്പരം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണമുണ്ടായ സാഹചര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.