ബ്രിട്ടനില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ . കഴിഞ്ഞ ദശകത്തെ അപേക്ഷിച്ചു ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം 50 ശതമാനം കൂടിയതായി കാന്‍സര്‍ റിസേര്‍ച്ച് യുകെ വ്യക്തമാക്കുന്നു. മറ്റുള്ള ടൈപ്പ് കാന്‍സറുകളെ അപേക്ഷിച്ചു അതിവേഗം ആണ് ലിവര്‍ കാന്‍സര്‍ ബാധിതര്‍ കൂടുന്നതും മരണപ്പെടുന്നതും. പ്രധാനമായും ആഹാര രീതിയുടെയും വ്യായാമക്കുറവിന്റെയും ഫലമായുള്ള പൊണ്ണത്തടിയുടെ അനന്തരഫലമാണ് ലിവര്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം പെരുകുന്നത്.
കാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ ലിവര്‍ കാന്‍സര്‍ വിദഗ്ധനായ ന്യൂകാസില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹെലന്‍ റീവ്സ് പറഞ്ഞത് നിര്‍ഭാഗ്യവശാല്‍, ലിവര്‍ കാന്‍സറിനെ ചികിത്സിക്കുന്നതിലെ പുരോഗതി വളരെ മന്ദഗതിയിലാണ് എന്നത് നിരാശയുളവാക്കുന്നു എന്നും രോഗികള്‍ക്ക് വേണ്ടി കൂടുതല്‍ ഓപ്ഷനുകള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ് എന്നുമാണ് . രോഗനിര്‍ണയം നടത്തുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് മറ്റൊരു പ്രശ്നം, അതിനര്‍ത്ഥം മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകളെ ഈ രോഗം ബാധിക്കുന്നു എന്നാണ്.
അമിതവണ്ണത്തിന്റെ തോത് വര്‍ദ്ധിക്കുന്നതും അനുബന്ധ അവസ്ഥകളായ പ്രമേഹം, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവ ഇതില്‍ വലിയ പങ്കുവഹിച്ചിരിക്കാം, എന്നിരുന്നാലും അവ മാത്രമല്ല ഘടകങ്ങള്‍ .മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ്മ , ഛര്‍ദ്ദി, ചൊറിച്ചില്‍, ക്ഷീണം എന്നിവയാണ് ലിവര്‍ കാന്‍സറിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്ന് എന്‍എച്ച്എസ് പറയുന്നു.
2017 ല്‍ 5,700 പേര്‍ ലിവര്‍ കാന്‍സര്‍ മൂലം മരണപ്പെട്ടു. പത്ത് വര്‍ഷം മുമ്പ് മരണസംഖ്യ 3,200 ആയിരുന്നെന്നു കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാട്ടുന്നു.വൈകിമാത്രം തിരിച്ചറിയപ്പെടുന്നതുകൊണ്ടാണ് ഇത്രയേറെ മരണം സംഭവിക്കുന്നതും. ശ്വാസകോശം, കുടല്‍ , പ്രൊസ്റ്റേറ്റ് ബ്രീസ്റ്റ് കാന്‍സര്‍ എന്നിവയുടെ നിരക്ക് കൂടിയത് 20 ശതമാനയിരിക്കുമ്പോഴാണ് ലിവര്‍ കാന്‍സര്‍ 50 ശതമാനം കൂടിയത്. രോഗം പിടികൂടിയത് വേണ്ട സമയത്തു തിരിച്ചറിയപ്പെടാതെയിരുന്നത് മൂലം നൂറുകണക്കിന് രോഗികള്‍ക്ക് ശസ്ത്രക്രിയ അപ്രാപ്യമായി. പകരം, കീമോതെറാപ്പിയും മറ്റ് സമാന ചികിത്സകളും അവര്‍ക്ക് ലഭിക്കുന്നു. എങ്കിലും അഞ്ചുവര്‍ഷത്തെ അതിജീവന നിരക്ക് ആറ് ശതമാനം വരെ കുറവാണ്.
ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്ട്രോള്‍, സ്ട്രോക്ക് എന്നിവയും . കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബജറ്റില്‍ ഷുഗര്‍ ടാക്സ് തന്നെ കൊണ്ടുവന്നത് . ഫാറ്റ് ടാക്‌സും ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. കേക്കുകള്‍ , ഐസ് ക്രീം എന്നിവയ്ക്ക് ഫാറ്റ് ടാക്സ് ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ.
ജീവിതശൈലീ രോഗമായ ടൈപ്പ് 1പ്രമേഹം, ടൈപ്പ് 2പ്രമേഹം എന്നിവ സാധാരണ 40 വയസിനു ശേഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 20 വര്‍ഷം മുമ്പേ പിടിപെടുന്ന സ്ഥിതിയാണ്. 25 വയസിനു മുമ്പേ നിരവധി യുവാക്കള്‍ വിദഗ്ധ ക്ലിനിക്കുകളില്‍ ചികിത്സ തേടുന്നു. ആറ് വയസില്‍ എത്തുമ്പോള്‍ അഞ്ചിലൊന്ന് കുട്ടികളും പൊണ്ണത്തടിക്കാരാണ് എങ്കില്‍ പതിനൊന്നു വയസിലെത്തുമ്പോള്‍ അത് നാലിലൊന്നാകും. ടൈപ്പ് 2പ്രമേഹം നേരത്തെ പിടിപെടുന്നത് ഹൃദ്രോഗം, കിഡ്‌നി തകരാര്‍ ,അന്ധത എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പകുതിയോളം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട്. അത് പോലെ 34 ശതമാനത്തിനു കൊളസ്‌ട്രോള്‍ കൂടുതലാണ്. 2030 ഓടെ കുട്ടികളിലെ പൊണ്ണത്തടിക്കാരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .
പുകവലിയെ അപേക്ഷിച്ചു പൊണ്ണത്തടി മൂലം യുകെയില്‍ പ്രതിവര്‍ഷം 1900 കുടലിലുള്ള കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . കിഡ്‌നി കാന്‍സര്‍ 1400 , അണ്ഡശയ കാന്‍സര്‍ 460 ലിവര്‍ കാന്‍സര്‍ 180 എന്നിങ്ങനെയാണ് പൊണ്ണത്തടിയുടെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് . എന്‍എച്ച്എസ് ഇതിനായി വലിയ പ്രചാരണമാണ് നടത്തുന്നത്.