സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മികച്ച സംഭാവനകള്‍ നല്കിയ 125 വനിതകളുടെ പട്ടികയില്‍ ഇടം നേടി മലയാളിയായ അസോസിയേറ്റ് പ്രൊഫസര്‍ ഡോ മരിയ പറപ്പിള്ളി. ദി അഡ്വടൈസര്‍ പത്രം തെരഞ്ഞെടുത്ത വനിതകളുടെ പട്ടികയിലാണ് ഡോ മരിയ പറപ്പിള്ളി ഇടം നേടിയത്.
ഭൗതിക ശാസ്ത്രത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. 1894ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനായി നിവേദനം നല്‍കിയതിന്റെ അഥവാ വിമന്‍ സഫ്‌റേജ് പെറ്റീഷന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്കിയ 125 വനിതകളുടെ പട്ടിക അഡ്വടൈസര്‍ പുറത്തുവിട്ടത്.
വ്യത്യസ്ത മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എഡ്യൂക്കേഷന്‍ ആന്‍ഡ് പൊളിറ്റിക്സ് എന്ന വിഭാഗത്തിലെ 22 വനിതകളില്‍ ഒരാളാണ് ഡോ മരിയ.
അഡ്‌ലൈഡിലെ ഫ്ലിന്റേഴ്സ് സര്‍വ്വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ മരിയ പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള STEM മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ പഠന പദ്ധതികളാണ് ആവിഷ്ക്കരിച്ചത്.
ഇതിനായി STEM വിമന്‍ ബ്രാഞ്ചിങ് ഔട്ട് എന്ന ഒരു കൂട്ടായ്മയും രൂപീകരിച്ചു. കൂടാതെ, ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ ഉപയാഗിച്ചുള്ള പഠന പദ്ധതികളും ഡോ മരിയയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തു.
2018 ഡിസംബറില്‍ ഡോ മരിയയുടെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്റെ എഡ്യൂക്കേഷന്‍ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രോഫി ഫിസിക്സിന്റെ ഫെലോഷിപ്പിനും 2017 ല്‍ ഡോ മരിയ അര്‍ഹയായി.