ലോക റെക്കോര്‍ഡ് നേട്ടവുമായി എമിറേറ്റ്സ്; ഒറ്റ ഫ്ലൈറ്റില്‍ 145 രാജ്യങ്ങളിലെ പൗരന്മാര്‍ !
ദുബായ്: യുകെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിമാനകമ്പനിയാണ് എമിറേറ്റ്സ്. മികച്ച സേവനവും സൗകര്യങ്ങളുമായി ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ എന്നും മുന്‍നിരയിലുണ്ട് ദുബായ് ആസ്ഥാനമായ ഈ കമ്പനി. ഇപ്പോഴിതാ ലോകത്തു മറ്റൊരു വിമാനകമ്പനിയ്ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് നേട്ടവും കൂടി അവര്‍ സ്വന്തമാക്കിയിരുന്നു. ഒറ്റ ഫ്ലൈറ്റില്‍ 145 രാജ്യങ്ങളിലെ പൗരന്മാരെ കയറ്റിയാണത്. യുഎഇയുടെ നാല്‍പത്തിയെട്ടാമത് ദേശീയ ദിനത്തില്‍ ആണ് ഏറ്റവുമധികം രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റില്‍ അണിനിരത്തിയാണ് എമിറേറ്റ്സ് ചരിത്രം കുറിച്ചത്.
പല ഭാഷ, മതം, സംസ്കാരം തുടങ്ങിയവയുള്ള 145 രാജ്യങ്ങളിലെ 540 പേരുമായാണ് എമിറേറ്റ്സിന്റെ എ 380 ഇകെ 2019 ഫ്ലൈറ്റ് വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്തത്. യുഎഇ സമയം ഉച്ചയ്ക്ക് 1.03 ന് യാത്ര അവസാനിപ്പിക്കുമ്പോള്‍ യുഎഇയിലെ ഏഴു എമിറേറ്റുകളിലെ ആകാശത്തും വിമാനം കടന്നുപോയി. ചരിത്രം കുറിച്ച യാത്രയില്‍ അതത് രാജ്യത്തെ വേഷവൈവിധ്യം ഉറപ്പാക്കാനും അനുമതി നല്‍കിയിരുന്നു.
നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് എമിറേറ്റ്‌സ് കണ്ടെത്തിയവരും പ്രത്യേക ക്ഷണിതാക്കളുമാണ് ചരിത്രം രചിച്ച വിമാനത്തില്‍ യാത്രക്കാരായി എത്തിയത്. ചുരുങ്ങിയത് 75 രാജ്യങ്ങളില്‍ നിന്നുള്ളവരെങ്കിലും യാത്രക്കാരായി ഉണ്ടായാല്‍ മാത്രമേ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ എമിറേറ്റ്‌സിന്റെ അറിയിപ്പനുസരിച്ച് ആയിരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. അതില്‍ നിന്നാണ് ആവശ്യമായതിന്റെ ഇരട്ടിയോളം രാജ്യക്കാരെ കണ്ടെത്തിയത്.
സഹവര്‍ത്തിത്വത്തിന്റെ മികച്ച ഉദാഹരണമായ യുഎഇയുടെ സവിഷേത ഉള്‍ക്കൊളളുന്നതായിരുന്നു ഈ ഫ്ലൈറ്റെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. യുഎഇ പൗരന്മാരായ ക്യാപ്റ്റന്‍ അബ്ബാസ് ഷാബാനും ക്യാപ്റ്റന്‍ ഷെയ്ഖ് സഈദ് അല്‍ മക്തൂമുമാണ് ഫ്ലൈറ്റ് പറത്തിയത്. ജര്‍മന്‍ പൗരനായ കാറിന്‍ അര്‍നിങ് ഫസ്റ്റ് ഓഫിസറായി.
22 അംഗ കാബിന്‍ ക്രൂവില്‍ 18 രാജ്യങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. എമിറേറ്റ്സിന്റെ ശരാശരി കാബിന്‍ ക്രൂവില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടാകാറുണ്ട്. രണ്ടു മണിക്കൂര്‍ കൊണ്ടാണ് എല്ലാ എമിറേറ്റുകളും ചുറ്റി വിമാനം ദുബായില്‍ തിരിച്ചെത്തിയത്. വിവിധ എമിറേറ്റുകളിലെ പ്രധാനകേന്ദ്രങ്ങളില്‍ വിമാനം താഴ്ന്നുപറന്നത് എല്ലായിടത്തും ആവേശമുണര്‍ത്തി. സാധാരണ നിലയില്‍ ഒരു എമിറേറ്റ്സ് ഫ്ലൈറ്റില്‍ ശരാശരി 50 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കാണുക.
145 രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഈ യാത്ര ഗിന്നസ് ബുക്കിലും ഇടം നേടി. വൈവിധ്യമാര്‍ന്ന ഈ ചരിത്ര നേട്ടം കൈവരിച്ചതിന് യുഎഇയേയും എമിറേറ്റ്സിനെയും അഭിനന്ദിക്കുന്നതായി ഫൈറ്റില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ വിവരങ്ങള്‍ വിലയിരുത്തിയ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ തലാല്‍ ഒമര്‍ പറഞ്ഞു.
വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിമാനത്തിനു മുന്നില്‍ യാത്രക്കാരെയെല്ലാം അണിനിരത്തി പ്രത്യേക ഫോട്ടോ സെഷനും ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഈ നേട്ടത്തിന്റെ ഭാഗമായി. വിവിധ രാജ്യക്കാര്‍ കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഇകെ-2019 വിമാനം അടുത്ത ഒരുവര്‍ഷം അമ്പതിലേറെ സ്ഥലങ്ങളിലേക്ക് സഹിഷ്ണുതാസന്ദേശവുമായി പ്രത്യേക യാത്രകള്‍ നടത്തും.