ഫ്‌ളോറിഡ: അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ സൗദി പൗരനായ നാവിക സേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ നാവിക സേന കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ സംഭവ സ്ഥലത്തു വെച്ച് തന്നെ സേന ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നു. അക്രമത്തില്‍ പന്ത്രണ്ടു പേര്‍ക്കു പരിക്കേറ്റതായി എ പി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവെപ്പ് നടത്തിയ സൗദി പൗരന്‍ ഫ്‌ളോറിഡയിലെ നാവികസേന കേന്ദ്രത്തില്‍ പരിശീലനം നേടാനെത്തിയതാണ്. എഫ്.ബി.ഐയും സൈനിക ഉദോഗസ്ഥരുമായും നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ പറ്റിയുള്ള വിവരം ലഭിച്ചതെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു.
ഒരു യു.എസ് സേനാംഗം അസോസിയേറ്റ് പ്രസ്സിന് നല്‍കിയ വിവര പ്രകാരം മുഹമ്മദ് സഈദ് അല്‍ഷമ്രാനി എന്നാണ് അക്രമിയുടെ പേര്. അക്രമത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
അതേസമയം, അക്രമിയെ പറ്റിയുള്ള വിവരങ്ങള്‍ എഫ്.ബി.ഐ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ഇത് ഭീകരാക്രമണം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് എഫ്.ബി.ഐ പറയുന്നത്.
ആക്രമണത്തിനു ശേഷം സൗദി ഭരണാധികാരി തന്നെ ഫോണില്‍ വിളിച്ചെന്നും അക്രമത്തില്‍ ദുഃഖം രേഖപ്പെടുത്തിയെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. അക്രമി സൗദിയെ അല്ല പ്രതിനിധീകരിക്കുന്നതെന്നും സൗദി ജനങ്ങള്‍ അമേരിക്കന്‍ ജനതയെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.
സൗദി ന്യൂസ് ഏജന്‍സിയായ എസ്.പി.എ യുടെ റിപ്പോര്‍ട്ട് പ്രകാരം സല്‍മാന്‍ രാജാവ് സൗദി സേനയോട് അമേരിക്കന്‍ സൈന്യത്തിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.