2019ലെ ലോക സുന്ദരി പട്ടം ജെമൈക്കക്കാരി ടോണി ആന്‍ സിങ് കരസ്ഥമാക്കി. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യന്‍ സുന്ദരി സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018ലെ ലോക സുന്ദരി മെക്‌സിക്കോക്കാരിയായ വനേസ്സ പോണ്‍സെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്. 23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. പാട്ടുപാടുക. ആഹാരം പാകം ചെയ്യുക, വ്‌ളോഗിംഗ്, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് ടോണിയുടെ ഇഷ്ടങ്ങള്‍. അമ്മയാണ് ടോണിയുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി പിന്തുണ നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു.
ജമൈക്കയില്‍ ജനിച്ച ടോണി കുടുംബത്തോടൊപ്പം തന്റെ ഒമ്പതാം വയസില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ എത്തി. പിന്നീട് വളര്‍ന്നതെല്ലാം ഫ്‌ലോറിഡയിലാണ്. ഇന്ത്യ- കരീബിയന്‍ വംശ പാരമ്പര്യമുള്ള ബ്രാദ്ഷാ സിങ് ആണ് ടോണിയുടെ പിതാവ്.
120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയില്‍ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്. ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ സുമന് മോഡലിങ്ങിലും അഭിനയത്തിലുമാണ് താത്പര്യം.