ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷ്‌റഫിന് രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.
രാജ്യദ്രോഹക്കുറ്റം അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 1999 മുതല്‍ 2008 വരെയാണ് മുഷ്‌റഫ് പ്രസിഡന്റായിരുന്നത്.
നവാസ് ഷെരീഫിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൈനിക മേധാവിയായിരുന്ന മുഷറഫ് അധികാരത്തിലെത്തിയത്. പിന്നീടുള്ള ഒമ്പതുവര്‍ഷം പാകിസ്ഥാന്‍ ഏകാധിപത്യത്തിലായിരുന്നു. പ്രസിഡന്റ് പദവിയില്‍ തുടരാനായാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം നിലനിര്‍ത്തിയത്. പിന്നീട് നവാസ് ഷെരീഫ് വീണ്ടും അധികാരത്തിലെത്തിയപ്പോഴാണ് മുഷറഫിനെതിരെ നിയമനടപടി ആരംഭിച്ചത്.
അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.