ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു; കുറ്റങ്ങള്‍ ചുമത്തി
വാഷിങ്ങ്ടണ്‍ ഡി.സി: ഒരു കച്ചവടക്കാരന്‍ രാഷ്ട്ര നായകനായാല്‍ എന്ത് സംഭവിക്കും? അതും ലോക പോലീസായ അമേരിക്കയുടെ. അതിനുത്തരമാണ് ഡോണള്‍ഡ് ട്രംപ്. ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തുന്ന, ജനതയ്ക്കു മുമ്പില്‍ പരിഹാസപാത്രമായ ട്രംപിന് ഒടുവില്‍ ഇംപീച്ച് മെന്റ് എന്ന നാണക്കേടും. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ 230 പേര്‍ അനുകൂലിച്ചപ്പോള്‍ 197 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ കുറ്റത്തില്‍ 198 നെതിരെ 229 പേര് അനുകൂലിച്ചു. വിവിധ കുറ്റങ്ങളില്‍ പ്രത്യേക വോട്ടെടുപ്പ് ആയിരുന്നു.
2020 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരേ കേസുകള്‍ ഉണ്ടാക്കാന്‍ ഉക്രെയിന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ചെലുത്തി എന്നതാണ് ട്രംപിനെതിരെ ഇംപീച്ച് മെന്റിന് കാരണമായ കുറ്റങ്ങളില്‍ പ്രധാനം. മുസ്‌ലിം വിരുദ്ധത, കോണ്‍ഗ്രസിനെ അവഗണിക്കല്‍ എന്നിവയൊക്കെ മുഖമുദ്രയാക്കിയ ട്രംപ് കുടിയേറ്റക്കാരെയും ശത്രുതാമനോഭാവത്തോടെയാണ് കാണുന്നത്.
ഇംപീച്ച്‌മെന്റ് ജനപ്രതിനിധി സഭയില്‍ പാസ്സാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍ 232 ആണ് ഡെമോക്രാറ്റിന്റെ അംഗങ്ങളുടെ എണ്ണം. 216 വോട്ടുകള്‍ മതിയായിരുന്നും ഇംപീച്ച്‌മെന്റ് പാസ്സാകാന്‍. എന്നാല്‍ 230 പേര്‍ വോട്ടു ചെയ്തു. പ്രതിനിധി സഭയ്ക്ക് പിന്നാലെ സെനറ്റില്‍ കൂടി ട്രംപിന് വിചാരണ നേരിടേണ്ടി വരും. ഇവിടെ ട്രംപിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് ഭുരിപക്ഷമുണ്ട്. അവിടെ 67 അംഗങ്ങളുടെ പിന്തുണ വേണം. ഡെമോക്രാറ്റുകളുടെ എണ്ണം 47 ആണ്. അടുത്തമാസമാണ് സെനറ്റ് വിഷയം പരിഗണിക്കുന്നത്. പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ശിക്ഷ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറിയ്ക്ക് വിചാരണ ചെയ്യാം. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വിചാരണയ്ക്ക് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ശിക്ഷ വിധിക്കാം.
അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ആവര്‍ത്തിക്കുന്നു. രാജ്യത്ത് 47 ശതമാനം പേര്‍ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുമ്പോള്‍ 46.4 ശതമാനം പേര്‍ എതിര്‍ക്കുന്നതായി രാഷ്ട്രീയ വെബ്‌സൈറ്റായ ഫൈവ് തേര്‍ട്ടി എയ്റ്റ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് അഭിപ്രായമില്ല.
അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച് നടപടിയ്ക്ക് വിധേയനാവുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഡൊണാള്‍ഡ് ട്രംപ്. 1868 ല്‍ ഫെബ്രുവരി 24 ന് ആന്‍ഡ്രൂ ജോണ്‍സണാണ് ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്. 1998 ഡിസംബര്‍ 19 ന് ബില്‍ ക്ലിന്‍റണും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യപ്പെട്ടു.
അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നായിരുന്നു ആന്‍ഡ്രൂ ജോണ്‍സണ്‍ 1868 ല്‍ ഇംപീച്ച് ചെയ്യപ്പെട്ടത്. എബ്രഹാം ലിങ്കണ്‍ പ്രസിഡന്‍റായിരുന്നു സമയത്ത് വൈസ് പ്രസിഡന്‍റായിരുന്ന ജോണ്‍സണ്‍ ലിങ്കണ്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയുടെ പതിനേഴാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1865 ഏപ്രില്‍ 15 മുതല്‍ 1869 മാര്‍ച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.
വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗീക ആരോപണമാണ് ബില്‍ ക്ലിന്റണെ ഇംപീച്ച്‌മെന്റിന് വിധേയനാക്കിയത്. അമേരിക്കയുടെ നാല്‍പ്പത്തരണ്ടാമത് പ്രസിഡന്‍റായിരുന്നു ബില്‍ ക്ലിന്‍റണ്‍. ജോണ്‍സണും നിക്സണും എതിരായ പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും സെനറ്റില്‍ പ്രമേയം പാസവാതിരുന്നതിനെ തുടര്‍ന്ന് ഇവരും സ്ഥാനമൊഴിയാതെ രക്ഷപ്പെട്ടു .
1974 ല്‍ റിച്ചാര്‍ഡ് നിക്സനെതിരേയും ഇംപീച്ച്മെന്‍റ് നടപടി വന്നിരുന്നു. കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ മുപ്പത്തയേഴാമത്തെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്സണതിരായ ഇംപീച്ച്മെന്റ് നീക്കം. എന്നാല്‍ പ്രമേയം ജനപ്രതിനിധി സഭയില്‍ എത്തുന്നതിന് മുമ്പ് റിച്ചാര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ രാജിവെക്കുന്ന ആദ്യ പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് നിക്സണ്‍ .