കൊച്ചി: ഓസ്ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ കൊല്ലപ്പെട്ടത് അവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിച്ച്. തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (29), ഭാര്യ നിനു ആല്‍ബിന്‍ (28) എന്നിവരാണ് വെള്ളിയാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവില്‍ ഓസ്ട്രേലിയന്‍ സമയം വെള്ളി ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം.
റോഡില്‍ നിന്ന് പുറത്തേക്ക് മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂര്‍ണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂനാബാര്‍ബനില്‍ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.
അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. പുതിയതായി വാടകയ്ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു ദുരന്തം.
ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്സായിരുന്നു നിനു. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്ട്രേലിയയില്‍ നഴ്സാണ് നിനു. ആല്‍ബിന്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി അവസരം തേടിയാണ് ഓസ്ട്രേലിയയിലേക്കു പോയത്. റിട്ട എസ്ഐ പി.എ മത്തായിയുടെയും വല്‍സയുടെയും മകനാണ് ആല്‍ബിന്‍ .
ഒരു മാസം മുന്‍പ് യാത്ര പറഞ്ഞിറങ്ങിയവരുടെ മരണവാര്‍ത്ത അറിഞ്ഞു തകര്‍ന്നിരിക്കുകയാണ് ആല്‍ബിന്റെയും നിനുവിന്റെയും ബന്ധുക്കള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എന്ന് നാട്ടിലെത്തിക്കുമെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാട്ടില്‍ നിന്നു ബന്ധുക്കള്‍ ഓസ്ട്രേലിയയിലേക്കു പോകും.
അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.