കസാഖിസ്ഥാനില്‍ 100 പേരുമായി പറന്ന വിമാനം കെട്ടിടത്തിന് മുകളിലേയ്ക്കു തകര്‍ന്നുവീണു; നിരവധി മരണം
അല്‍മാട്ടി: 100 പേരുമായി പറന്ന യാത്രാ വിമാനം കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.
വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. ടേക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരു. അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ 15 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തിലിടിച്ച് തകര്‍ന്ന വിമാനം തീപിടിക്കാത്തത് കൂടുതല്‍ പേര്‍ക്ക് രക്ഷയായി. അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിറഞ്ഞു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബെക് എയര്‍ എയര്‍ലൈനിന്റെ ഫോക്കര്‍ - 100 വിമാനമാണ് തകര്‍ന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫോക്കര്‍ -100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചു. അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കസഖ് സര്‍ക്കാര്‍ നിയോഗിച്ചു.