വിശ്വാസികള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ആയുധധാരി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമിയെ പള്ളിയിലുണ്ടായിരുന്ന ഇടവകാംഗം വെടിവെച്ച് കൊന്നു. ടെക്‌സാസിലെ പള്ളിയില്‍ കുര്‍ബാന ലൈവ്‌സ്ട്രീം ചെയ്യുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ഇടവകയിലെ മറ്റൊരു അംഗം തന്നെയാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തി കൂടുതല്‍ ജീവന്‍ നഷ്ടമാകാതെ കാത്തത്.
വൈറ്റ് സെറ്റില്‍മെന്റിലെ വെസ്റ്റ് ഫ്രീവേ ചര്‍ച്ചില്‍ രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് മെഡ്സ്റ്റാര്‍ മൊബൈല്‍ ഹെല്‍ത്ത്‌കെയര്‍ വക്താവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയായിരുന്നു. മൂന്നാമതൊരാള്‍ ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് ഇരകളായവരെല്ലാം പുരുഷന്‍മാരാണ്.
ചെറിയ പരുക്കേറ്റ രണ്ട് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കി വിട്ടയച്ചു. ഞായറാഴ്ച രാവിലെ 10 മണിക്കുള്ള കുര്‍ബാനയ്ക്കിടെയാണ് സംഭവങ്ങള്‍. വെടിവെപ്പ് നടക്കുമ്പോള്‍ കുര്‍ബാന ലൈവ്‌സ്ട്രീം ചെയ്തിരുന്നു. അക്രമത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട ഒരാള്‍ പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണെന്ന് ഒരു ഇടവകാംഗം വെളിപ്പെടുത്തി.
ഗാര്‍ഡ് മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി. പെട്ടെന്നായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. ഒരാളോട് എഴുന്നേറ്റ് എന്തോ സംസാരിച്ച ശേഷമാണ് രണ്ട് റൗണ്ട് വെടിപൊട്ടിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൈയില്‍ തോക്കുണ്ടായിരുന്ന ഇടവകാംഗം ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.