വത്തിക്കാന്‍സിറ്റി: ഒരു നിമിഷത്തേക്ക് തന്റെ ക്ഷമ നശിച്ചതില്‍ പരസ്യമായി ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷ തലേന്ന് വിശ്വാസികളെ ഹസ്തദാനം ചെയ്യുന്നതിനിടെ തന്റെ കൈയില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെടുകയും അവരുടെ കൈ തട്ടിമാറ്റുകയും ചെയ്തതിനാണ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
പുതുവര്‍ഷ ദിനമായ ബുധനാഴ്ച വിശ്വാസികള്‍ക്കൊപ്പമുള്ള പതിവ് പ്രാര്‍ത്ഥനയ്ക്കിടെയാണ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചത്. 'പലപ്പോഴും ക്ഷമ നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്റെ ജീവിതത്തിലും ഇങ്ങനെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. ഇന്നലെ ഞാന്‍ നല്‍കിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.' മാര്‍പാപ്പ പറഞ്ഞു.
'സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങളും അപലപനീയമാണ്. അത് ദൈവ നിന്ദയാണ്. കാരണം ദൈവപുത്രന്‍ ജനിച്ചത് ഒരു സ്ത്രീയില്‍ നിന്നാണെന്നും' അദ്ദേഹം പറഞ്ഞു. പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയില്‍ ആഘോഷിക്കുന്നുണ്ട്. ദൈവത്തിന്റെ മനുഷ്യഗുണം നെയ്യപ്പെട്ടത് അവളാലാണ്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. അത്ഭുതമല്ല, ക്ഷമയാണ് ആവശ്യം. ക്ഷമയും സ്‌നേഹവുമാണ്.
ജീവന്റെ ഉറവിടം സ്ത്രീകളാണ്. എന്നാല്‍ അവര്‍ തുടര്‍ച്ചയായി അവഹേളിക്കപ്പെടുകയും മര്‍ദ്ദനത്തിനും പീഡനത്തിനും അനാശാസ്യത്തിനും വരെ ഇരയാക്കപ്പെടുന്നു. ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന കാലം മുതല്‍ അവള്‍ അടിച്ചമര്‍ത്തപ്പെടുന്നു. സമാധാന പ്രഭുവിന് ജന്മം നല്‍കിയത് ഒരു സ്ത്രീയാണെന്ന് ഓര്‍മ്മ വേണം. സ്ത്രീ ശരീരം പരസ്യത്തിലും കൊള്ളലാഭമുണ്ടാക്കാനും അശ്ലീല സാഹിത്യത്തിലും ഉപയോഗിച്ച് അശുദ്ധമാക്കുന്നതിലും അദ്ദേഹം ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.