സൈനിക കമാന്‍ഡറുടെ കൊല: യുഎസിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്‍,യുദ്ധഭീതിയില്‍ ലോകം
ബാഗ്ദാദ്: ഇറാനിലെ സൈനിക കമാന്‍ഡര്‍ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം കത്തുന്നു. ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പി.എം.എഫ്) ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ആക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് യു.എസ് സൈനിക മേധാവി പെന്റഗണ്‍ അറിയിച്ചു.
ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സുലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും അമേരിക്കയ്ക്കു പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വകരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സുലൈമാനിയുടെ മരണവാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ അമേരിക്കന്‍ പതാകയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സുലൈമാനി ഇറാന്റെ സൈനിക വളര്‍ച്ചയില്‍ നിര്‍ണായ പങ്കു വഹിച്ചയാളാണ് ഇദ്ദേഹം. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്‌ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സൊലൈമാനി.
ഇറാന്‍ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രയേലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി തവണ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
സുലൈമാനിയുടെ മരണം യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കിയേക്കാമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര ഭീകരദമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.