യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപെട്ട ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി ഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ ഗൂഡാലോചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖാസിം സുലൈമാനിയുടെ മരണത്തെ 'ഭീകരഭരണം അവസാനിച്ചു' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
നിരപരാധികളുടെ മരണം സുലൈമാനിയുടെ ക്രൂരമായ അഭിനിവേശമായിരുന്നു, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ ഗൂഡാലോചനയ്ക്ക് സുലൈമാനി പങ്ക് വഹിച്ചിട്ടുണ്ട്. സുലൈമാനിയുടെ നിരവധി അതിക്രമങ്ങളുടെ ഇരകളെ ഇന്ന് ഞങ്ങള്‍ ഓര്‍മിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭീകരഭരണം അവസാനിച്ചുവെന്ന് അറിയുന്നതില്‍ ഞങ്ങള്‍ ആശ്വസിക്കുന്നു, ട്രംപ് പറഞ്ഞു.
ലോകത്തിലെ തന്നെ 'ഒന്നാം നമ്പര്‍ തീവ്രവാദിയെ' കൊന്ന കുറ്റമറ്റതും കൃത്യവുമായ ആക്രമണം അമേരിക്കന്‍ സൈന്യം വിജയകരമായി നടത്തിയെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നേരെ സുലൈമാനി ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു, എന്നാല്‍ അമേരിക്കയ്ക്ക് ഇതിനു തടയിടാന്‍ കഴിഞ്ഞു എന്നും ട്രംപ് പറഞ്ഞു.
ഇറാഖിലെ യു.എസ് ആസ്ഥാനങ്ങള്‍ക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങള്‍, ഒരു അമേരിക്കക്കാരനെ കൊന്നതും നാല് അമേരിക്കന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതുമായ റോക്കറ്റ് ആക്രമണങ്ങള്‍, ബാഗ്ദാദിലെ അമേരിക്കയുടെ എംബസിക്ക് നേരെ ഉണ്ടായ ആക്രമണം എന്നിവ ഉള്‍പ്പെടെയുള്ളവ സുലൈമാനിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയതാണെന്ന് ഫ്‌ലോറിഡയിലെ മാര്‍എലാഗോയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാന്റെ അല്‍ ഖുദ്‌സ് സേനയുടെ തലവനും അതിന്റെ പ്രാദേശിക സുരക്ഷാ സംവിധാനത്തിന്റെ വാസ്തുശില്പിയുമായ ജനറല്‍ സുലൈമാനി വെള്ളിയാഴ്ച ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.