ടെഹ്റാന്‍ : ബഗ്ദാദില്‍ യു എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ 'അമേരിക്കയുടെ മരണം ആവശ്യപ്പെട്ട്' പങ്കെടുത്തത് ലക്ഷങ്ങള്‍ . കബറടക്കത്തിനായി തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്‌വാസ് നഗരത്തില്‍ വിമാനമാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. ഇറാന്‍ പതാക പുതപ്പിച്ച മൃതദേഹപേടകം വിമാനത്തില്‍ നിന്ന് ഇറക്കിയതോടെ സൈനികര്‍ ആദരമര്‍പ്പിച്ചു ബാന്‍ഡ് മുഴക്കി. ട്രക്കിനു പിന്നില്‍ പേടകവുമായി ജനസമുദ്രം വിലാപയാത്ര നടത്തി. 'ഇനി അമേരിക്കയുടെ മരണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചും നെഞ്ചത്തടിച്ചു പ്രതികാര പ്രതിജ്ഞയെടുത്തും ആയിരങ്ങളാണു തെരുവിലിറങ്ങിയത്. ദൃശ്യങ്ങള്‍ ദേശീയ ടിവി ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്തു.
ഇന്നു ടെഹ്റാന്‍ സര്‍വകലാശാലയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കും. പുണ്യനഗരമായ ക്വാമിലെ ചടങ്ങുകള്‍ക്കു ശേഷം സുലൈമാനിയുടെ ജന്മദേശമായ കെര്‍മനില്‍ നാളെയാണു കബറടക്കം. 2015 ലെ ന്യൂക്ളിയര്‍ ഡീല്‍ അസാധുവായതായി ടെഹ്റാന്‍ പ്രഖ്യാപിപിച്ചിട്ടുണ്ട്.
അതിനിടെ, സുലൈമാനിയുടെ വധത്തില്‍ ഖേദിക്കേണ്ടതില്ലെന്ന് ബ്രിട്ടീഷ് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത് ഇറാനെ പ്രകോപിപ്പിക്കുന്നതാണ്. സുലൈമാനിയുടെ വധത്തില്‍ ഖേദമില്ലെന്നും തങ്ങളുടെ എല്ലാ താല്പര്യങ്ങള്‍ക്കും ഭീഷണിയായിരുന്നു സുലൈമാനിയെന്നും ബോറിസ് പ്രതികരിച്ചു. സംയമനം പാലിക്കുന്നതിനായി യുകെ എല്ലാവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൊവ്വാഴ്ച സഭ പുനരാരംഭിക്കുമ്പോള്‍ പാര്‍ലമെന്റിനെ വിവരം ധരിപ്പിക്കുമെന്നും ബോറിസ് പറഞ്ഞു.
ഐഎസിനെതിരായ പോരാട്ടം തുടരാന്‍ ബ്രിട്ടീഷ് സൈനികരെ ഇറാക്കില്‍ തുടരാന്‍ അനുവദിക്കണമെന്ന് ബോറിസ് അഭ്യര്‍ത്ഥിച്ചു. വിദേശ സേനകള്‍ രാജ്യം വിടണമെന്ന് ഇറാക്ക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇറാക്കിലും ഇറാനിലും മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുദ്ധകാഹളമെന്ന പോലെ ഇറാന്‍ ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തിനു മീതെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം ചുവന്ന പതാക ഉയര്‍ത്തിയിരുന്നു. അന്യായമായി ചൊരിഞ്ഞ ചോരയ്‌ക്ക് പകരം വീട്ടുക എന്നാണ് ചുവന്നകൊടി ഉയര്‍ത്തുന്നതിന്റെ അര്‍ത്ഥം.
അമേരിക്കയുടെ 35 സൈനികത്താവളങ്ങളും സഖ്യകക്ഷിയായ ഇസ്രയേലിലെ ടെല്‍ അവീവ് നഗരവും തങ്ങളുടെ പ്രഹര പരിധിയിലാണെന്ന് ഇറാന്‍ താക്കീത് നല്‍കിയിരുന്നു. അതിനു പിന്നാലെ, അമേരിക്കയെ ആക്രമിച്ചാല്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിന് യു.എസിന് ധൈര്യമില്ലെന്ന് വ്യക്തമാക്കിയ സൈനിക തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസവി, ഏറ്റുമുട്ടുമ്പോള്‍ അഞ്ചും രണ്ടും എവിടെയെന്ന് അവര്‍ക്ക് മനസിലാകുമെന്നു പറഞ്ഞിരുന്നു.