വിദേശം

യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

ബാഗ്ദാദ്: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. സുലൈമാനിയെ അമേരിക്ക വധിച്ചതിന് തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. 'മര്‍ട്ടിയര്‍ സുലൈമാനി' എന്ന് പേരിട്ട ഓപ്പറേഷന്‍ ടെഹ്റാനിലെ റെവലൂഷനറി ഗാര്‍ഡിന്റെ എയ്റോസ്പേസ് ഡിവിഷനാണ് നടത്തിയത്.

മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. അതേസമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ സ്ഥിരീകരിക്കുന്നതാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാകുമിത്.
ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിലയിരുത്തലിലാണെന്ന് പെന്റഗണ്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും വൈറ്റ് ഹൗസിലെത്തി. എസ്‌പെര്‍ ഇറാഖ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ സമയം തങ്ങള്‍ക്ക് നേരെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതോടെ ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള ആരംഭമാണോ എന്ന ആശങ്കയിലാണ് ലോകം ഇറാന് റഷ്യയുടെയും ഇസ്ളാമിക രാഷ്ട്രങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് ശാക്തിക ചേരികളില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ പോന്നതാണ്.

അതിനിടെ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങില്‍ ലക്ഷങ്ങളാണ് ഇന്നലെ പങ്കടുത്തത്. തിക്കിലും തിരക്കിലും 40 പേര്‍ മരിച്ചു. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ ദേശീയ ടെലിവിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സുലൈമാനിയുടെ ജന്മനാടായ കെര്‍മാനിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. റോഡുകളില്‍ വലിയ തോതില്‍ ജനക്കൂട്ടം അലയടിച്ചതിനാല്‍ സുലൈമാനിയുടെ ഖബറടക്കല്‍ മാറ്റി വെച്ചിരിക്കുകയാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.

ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധി ച്ചിരുന്നു. വ്യാഴാഴ്ചയാണ് ന്യൂയോര്‍ക്കില്‍ യു.എന്‍ യോഗം ചേരുന്നത്.

യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റില്‍ പാസായി. സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിതിന് പിന്നാലെയാണ് നീക്കം. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണെ ഭീകര കേന്ദ്രമായും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്‌ഠ്യേനയാണ്‌ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions