ബാഗ്ദാദ്: അമേരിക്കന്‍ സൈനിക താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. യു.എസ് എംബസി സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സൈനിക താവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ആള്‍ നാശമുണ്ടായില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.ബുധനാഴ്ച അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.
നേരത്തെ യു.എസിന്റെ രണ്ടു സൈനികതാവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ട്രംപ് ഇത് തള്ളിയിരുന്നു. സൈനിക താവളത്തിന് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ സേന എന്തിനും സജ്‌ജമാണെന്നും എന്നാല്‍ ഇറാന്‍ 'പിന്‍വാങ്ങുകയാണ്' എന്നാണ് നിലവില്‍ മനസിലാകുന്നത് എന്നുമാണ് ട്രംപ് അവകാശപ്പെട്ടത് . ഇറാനെതിരേ തിരിച്ചടിക്കുള്ള മാര്‍ഗങ്ങള്‍ അമേരിക്ക പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തിനു മറുപടിയായി കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും. ഇറാന്‍ സ്വഭാവം മാറ്റിയാലേ ഈ ഉപരോധങ്ങള്‍ പിന്‍വലിക്കൂ. 2013ല്‍ ഇറാനുമായിട്ടുണ്ടാക്കിയ ആണവകരാര്‍ അങ്ങേയറ്റം പിഴവു നിറഞ്ഞതാണെന്നും അതില്‍നിന്നു പിന്മാറണമെന്നും കരാറിലെ സഖ്യകക്ഷികളായ ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്ക കരാറില്‍നിന്ന് കഴിഞ്ഞവര്‍ഷം ഏകപക്ഷീയമായി പിന്മാറിയിരുന്നു. ലോകസമാധാനത്തിനുതകുന്ന കരാറിന് ഇറാനെ പ്രേരിപ്പിക്കുകയാണു ലോകശക്‌തികള്‍ ചെയ്യേണ്ടതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്‌ക്ക് പശ്‌ചിമേഷ്യയിലെ എണ്ണ വേണ്ടെന്നും തങ്ങള്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക ഉല്‍പാദകരാണെന്നും ട്രംപ് അവകാശപ്പെട്ടു.
ബാഗ്‌ദാദില്‍ യു.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ കാസിം സുലൈമാനി ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണ്. ഗള്‍ഫ് മേഖലയില്‍ ആഭ്യന്തരകലാപങ്ങള്‍ കത്തിച്ചത് സുലൈമാനിയാണ്. ആയിരക്കണക്കിന് യു.എസ്. സൈനികരെ സുലൈമാനി കൊലപ്പെടുത്തിയെന്നും സുലൈമാനിയെ നേരത്തേ തന്നെ ഇല്ലാതാക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരുമായി കൈകോര്‍ക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് ഇറാന്‍ ജനതയ്‌ക്കുള്ള സന്ദേശമായി പറഞ്ഞുകൊണ്ടാണ് ട്രംപ് പത്തുമിനിട്ട് നീണ്ട വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. എന്നാല്‍ ചോദ്യങ്ങള്‍ ഒന്നും നേരിടാന്‍ പ്രസിഡന്റ് തയാറായില്ല.
ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച പരാമര്‍ശമൊന്നും ട്രംപ് നടത്തിയുമില്ല. വീണ്ടും റൊക്കാറ്റ് ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രതികരണം എപ്രകാരമായിരിക്കുമെന്നു വ്യക്തമല്ല .