കീവ്: ടെഹ്റാനിലെ ഇമാം അല്‍ഖൊമേനി എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്തയുടനെ തകര്‍ന്നു വീണ യുക്രൈന്‍ വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യു.എസ്. മാധ്യമം. മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നും യു.എസ്. രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. 176 പേരാണ് വിമാനത്തോടോപ്പം കത്തിയമര്‍ന്നത്.
വിമാനവേധമിസൈല്‍ പതിച്ചോ, ആകാശത്തെ കൂട്ടിയിടിയിലോ, എന്‍ജിന്‍ പൊട്ടിത്തെറിച്ചോ, ഭീകരര്‍ വിമാനത്തില്‍ സ്ഫോടനം നടത്തിയോ ഉണ്ടായ അപകടമാണോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് യുക്രൈന്‍ അധികൃതരും അറിയിച്ചു. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ഉണ്ടായ അപകടത്തെച്ചൊല്ലി ഇനിയും ആശങ്ക വിട്ടൊഴിയുന്നില്ല. ബോറിസ് ജോണ്‍സണും കനേഡിയന്‍ പ്രധാനമന്ത്രിയും ഇറാനെ സംശയമുള്ളതായി വ്യക്തമാക്കി. അന്വേഷണത്തിന് ബ്രിട്ടീഷ് വിദഗ്ധരും ഉണ്ടാവുമെന്ന് ബോറിസ് പറഞ്ഞു. മരിച്ചവരില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഉണ്ടായിരുന്നു.
വിമാനാവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് യുക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഒലെക്സി ഡനിലോവ് വ്യാഴാഴ്ച പറഞ്ഞത്. ഇറാന് റഷ്യന്‍നിര്‍മിത മിസൈല്‍ പ്രതിരോധസംവിധാനമുണ്ട്. വിശദമായ അന്വേഷണത്തിന് 45 അംഗ പ്രത്യേകസംഘത്തെയാണ് യുക്രൈന്‍ ഇറാനിലേക്ക് അയച്ചിട്ടുള്ളത്. 2014-ല്‍ മലേഷ്യന്‍ എയര്‍ലൈനിന്റെ എം.എച്ച്-17 വിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ന്ന സംഭവം അന്വേഷിച്ച വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ , വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. പറന്നുയര്‍ന്ന് പടിഞ്ഞാറുഭാഗത്തേക്ക് പോയ വിമാനം സാങ്കേതികത്തകരാറുമൂലം വലത്തോട്ടുതിരിഞ്ഞ് തിരിച്ച് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നെന്നാണ് ഇറാന്‍ വ്യോമയാനവിഭാഗം മേധാവി അലി അബദ്സദേ പറഞ്ഞത്. പ്രാഥമികവിവരങ്ങള്‍ യുക്രൈനും യു.എസിനും സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. യു.എസിലാണ് ബോയിങ്ങിന്റെ ആസ്ഥാനം.
ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണത്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെത്തുടര്‍ന്ന് യു.എസുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അന്വേഷണത്തിനായി യു.എസിന് നല്‍കില്ലെന്ന് ഇറാന്‍ കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കിയിരുന്നു.