യാത്രാവിമാനം വെടിവച്ചിട്ടു 176 പേരുടെ കൊല; ഇറാനില്‍ ജനകീയ പ്രക്ഷോഭം, ബ്രിട്ടീഷ് അംബാസഡര്‍ അറസ്റ്റില്‍
അമേരിക്കയുമായുള്ള സംഘര്‍ഷത്തിനിടയ്ക്ക് ഇറാന്റെ മിസൈലാക്രമണത്തില്‍ യുക്രൈന്‍ യാത്രാ വിമാനം തകര്‍ന്നു 176 പേര്‍ മരിക്കാനിടയായ സംഭവം ഇറാനില്‍ വലിയ ജനകീയ പ്രക്ഷോഭത്തിനു വഴിവച്ചു. പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നാരോപിച്ചു ബ്രിട്ടീഷ് അംബാസഡറെ ടെഹ്‌റാനില്‍ പോലീസ് അറസ്റ്റ് ചെയ്തു. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കാളിയായെന്നും പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ചായിരുന്നു ബ്രിട്ടീഷ് അംബാസഡറായ റോബര്‍ട്ട് മക്കെയ്‌റിനെ അറസ്റ്റ് ചെയ്തത്.
യുകെ എംബസിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മുടിവെട്ടിക്കാനായി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ഇറാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഡൊമിനിക് റാബ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന ഇറാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
അതിനിടെ, ഇറാനിലെ പ്രതിഷേധക്കാരുടെ ധൈര്യം തങ്ങള്‍ക്ക് പ്രചോദനമായെന്നും ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ അവിടെനിന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും നിരീക്ഷണം നടത്താനും മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നും ഇറാന്‍ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റര്‍നെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണത്. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ആയിരുന്നു വിമാനം തകര്‍ന്നത്. മാനുഷികമായ പിഴവുമൂലം, തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെയായിരുന്നു രാജ്യത്തു പ്രതിഷേധം ആരംഭിച്ചത്.
വിമാനം ഇറാന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും ബ്രിട്ടനും രംഗത്തെത്തിയിരുന്നു. അതേസമയം സാങ്കേതിക തകരാര്‍ മൂലം വിമാനം തകര്‍ന്നവീണുവെന്നായിരുന്നു ഇറാന്റെ ആദ്യ വിശദീകരണം. യുക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്നതിന്റെ വീഡിയോ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതോടെ ഇറാന്‍ ആ വലിയ പിഴവ് സമ്മതിക്കുകയായിരുന്നു.