ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ യുഎസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപം റോക്കറ്റാക്രമണം. മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല . ബഗ്ദാദ് നഗരത്തിന് പുറത്തുള്ള സഫറാനിയ ജില്ലയില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തിരിക്കുന്നതെന്നാണ് വിവരം.
റോക്കറ്റുകള്‍ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകള്‍ മുഴങ്ങി. ഗ്രീന്‍ സോണിലേക്ക് ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇറാന്‍ അനുകൂലമായി ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗങ്ങളെയാണ് യു എസ് കുറ്റം പറയാറുള്ളത്.
ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് വധിച്ചതിനു ശേഷം ഇറാഖില്‍ സംഘര്‍ഷങ്ങള്‍ കൂടിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഒരാഴ്ച മുമ്പ് യു.എസ് എംബസി സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചിരുന്നു. തങ്ങളുടെ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആള്‍ നാശമുണ്ടായില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അന്ന് ആക്രമണം ഉണ്ടായത്. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിരുന്നില്ല.
നേരത്തെ യു.എസിന്റെ രണ്ടു സൈനികതാവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ട്രംപ് ഇത് തള്ളിയിരുന്നു. സൈനിക താവളത്തിന് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു.