ജനീവ : ചൈനയില്‍ കണ്ടെത്തിയ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പടരുന്നതായി റിപ്പോര്‍ട്ട്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേയ്ക്ക് വൈറസ് പടരുന്നുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു.
സാര്‍സിന് സമാനമായ വൈറസ് ചൈനയ്ക്ക് പുറത്തേയ്ക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് സാമ്യതയുള്ളതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.
മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് പുതിയ അഞ്ജാത വൈറസ് ആദ്യം കണ്ടെത്തിയത്. വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആശങ്ക ഉയര്‍ന്നതോടെ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്നും യോഗത്തില്‍ തീരുമാനമെടുക്കും.
അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി. വൈറസ് എവിടെനിന്ന്, എങ്ങനെ പടരുന്നുവെന്ന് വ്യക്തമായിട്ടില്ലെങ്കിലും ചൈന സന്ദര്‍ശിക്കുന്നവര്‍ പ്രത്യേകം കരുതലെടുക്കണം. ഫാമുകള്‍, മൃഗ ചന്തകള്‍, കശാപ്പുശാലകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകംചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കുന്നു.
വൈറസ് ബാധമൂലം ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 136 പുതിയ കേസുകളും വുഹാനില്‍ റിപ്പോര്‍ട്ടുചെയ്തതായി പ്രാദേശിക ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ 201 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പത്പേരുടെ നില ഗുരുതരമാണ്. കൂടാതെ, ജപ്പാനില്‍ ഒരാള്‍ക്കും തായ്‌ലാന്‍ഡില്‍ രണ്ടുപേര്‍ക്കും വൈറസ്ബാധയേറ്റിട്ടുണ്ട്.