ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. എംബസിക്കു സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. അഞ്ചും പതിച്ചത് യുഎസ് എംബസിക്ക് സമീപത്ത് തന്നെയായിരുന്നു . എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇറാനി സൈനിക ജനറര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം ഈ മേഖലയില്‍ നടക്കുന്നത്.
സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് വധിച്ചതിനു ശേഷം ഇറാഖില്‍ സംഘര്‍ഷങ്ങള്‍ കൂടിയിട്ടുണ്ട്. നേരത്തെ യു.എസിന്റെ രണ്ടു സൈനികതാവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ട്രംപ് ഇത് തള്ളിയിരുന്നു.
പക്ഷെ പിന്നീട്, മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്ക സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍-അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.