വുഹാന്: ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് വ്യാപനം കരുത്താര്‍ജ്ജിച്ചതായി ചൈന. ചൈനയില്‍ ഇതിനോടകം കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയതോടെ എങ്ങും പരിഭ്രാന്തിയാണ്. രാജ്യത്ത് 2744 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതീയും ഹുബാ പ്രവിശ്യയിലാണ്.
സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. യാത്രാ വിലക്ക് ഉള്‍പ്പെടെ വൈറസ് വ്യാപനം തടയാന്‍ ശക്തമായ നടപടികളിലേക്ക് അധികൃതര്‍ കടക്കുകയാണ്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാന്‍ നഗരം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ നിന്നും പാലായനം ചെയ്തിരിക്കുന്നത് 50 ലക്ഷത്തിലധികം പേരാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. വുഹാനിലുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണാ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുയാണ്. രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മ്മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ ചൈന കൂടുതല്‍ കര്‍ശ്ശന നടപടികളിലേക്ക് കടന്നേക്കും. നിലവില്‍ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് വളര്‍ത്തു മൃഗങ്ങളുടെ വില്‍പ്പനയും നിരോധിച്ചു. ഫാമുകള്‍ കര്‍ശ്ശന നിരീക്ഷണത്തിലാക്കി.
ഇതിനിടെ ചൈനയില്‍ നിന്ന് വന്ന അഞ്ചാമത് ഒരാള്‍ക്ക് കൂടി അമേരിക്കയില്‍ അണുബാധ സ്ഥിരീകരിച്ചതോടെ വുഹാനിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് സ്വന്തം പൗരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കി. ചൈനയില്‍ നിന്ന് കാനഡയിലെത്തിയ ഒരാളിലും വൈറസ് കണ്ടെത്തി.യു എസില്‍ 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. തായ്‌വാനില്‍ നാലാമത്തെയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ വൈറസ് ബാധിതന്‍ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി. വൈറസ് വ്യാപനശക്തി തുടക്കത്തിലുള്ളതിനേക്കാള്‍ വര്‍ധിച്ചതായാണ് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.\വുഹാന് പുറമെ ഷാങ്ഹായ്, ബെയ്ജിങ് തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം അടച്ചിരിക്കുകയാണ്.