കാബൂള്‍: യാത്രക്കാരുമായി അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അഫ്ഗാന്റെ ഔദ്യോഗിക വിമാനമായ അരിയാന എയര്‍ലൈന്‍സ് ആണ് അപകടത്തില്‍പെട്ടതെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഉച്ചക്ക് 1.10 ഓടെയായിരുന്നു അപകടം.
എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. കാരണം യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.
താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായതുകൊണ്ടു അട്ടിമറിയും സംശയിക്കുന്നുണ്ട്. ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല .