ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. മരണസംഖ്യ ഇതിനോടകം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 കവിഞ്ഞു.
കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചൈനയിലെ ഇന്ത്യന്‍ എംബസി വഴിയാണ് ഏകോപിപ്പിക്കുന്നത്. ചൈനീസ് അധികൃതരുമായും ഇപ്പോഴും ചൈനയിലുള്ള ഇന്ത്യക്കാരുമായും നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.
ചൈനീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. നിലവില്‍ ചൈനയിലുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇവിടെ നിന്ന് വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജപ്പാന്‍ തങ്ങളുടെ 200 പൗരന്മാരെയും യു.എസ് 240 പൗരന്മാരെയും വിമാനമാര്‍ഗം ചൈനയില്‍ നിന്ന് പുറത്തെത്തിച്ചു. ഫ്രാന്‍സും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഹോങ് കോങ്ങും ഫിലിപ്പീന്‍സും വിലക്കേര്‍പ്പെടുത്തി. ഹോങ് കോങ് ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയില്‍വേ ലൈനുകള്‍ അടച്ചു. ഫെറി-ബസ് സര്‍വീസുകളും റദ്ദാക്കി. വിമാനസര്‍വീസുകള്‍ പകുതിയാക്കി. ചൈനീസ് പൗരന്മാര്‍ക്ക് വിസയനുവദിക്കില്ലെന്നും ചീഫ് എക്സിക്യുട്ടീവ് കാരി ലാം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീന്‍സ് അറിയിച്ചു.
ദക്ഷിണകൊറിയ, കാനഡ, ബ്രിട്ടന്‍ , യു.എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചൈനയിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ രാജ്യങ്ങള്‍ അവരവരുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ചൈനയിലേക്കയച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങള്‍ക്കായി ചൈനയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് യു.എസ്. ആരോഗ്യ അധികൃതര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും മറ്റും പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നതോടെ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു. പൗരന്‍ന്മാരെ ഒഴിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടന എതിര്‍പ്പറിയിച്ചുവെന്നും ചൈന പറഞ്ഞിരുന്നു.
ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.