മുസ്ലിം വിരുദ്ധതയും വംശീയ വിവേചനവും ലക്ഷ്യമിട്ടു ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചു. എറിത്രിയ, കിര്‍ഗിസ്താന്‍, മ്യാന്‍മര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതുതായി വിലക്കേര്‍പ്പെടുത്തിയത്. 2017ല്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ യാത്രാവിലക്ക്. വിലക്ക് നടപ്പാകുന്നതോടെ ഈ ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്ക വിസ നല്‍കുകയോ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമാവുക. കുടിയേറ്റക്കാരല്ലാത്തവര്‍ക്കുള്ള വിസയ്ക്ക് വിലക്കുണ്ടാകില്ല. അമേരിക്കയുടെ സുരക്ഷാവിവര കൈമാറ്റ നിലവാരത്തില്‍ എത്താതാണ് ഈ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ആക്റ്റിംഗ് സെക്രട്ടറി ചാഡ് വോള്‍ഫ് പറഞ്ഞു. പാസ്പോര്‍ട്ട് ടെക്നോളജിയുടെ നിലവാരമില്ലായ്മയും ഭീകരവാദത്തെയും കുറ്റവാളികളെയും കുറിച്ച് വിവരം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഈ രാജ്യങ്ങളെ വിലക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സ്ഥിരതാമസത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വിസയാണ് നല്‍കാത്തത്. വിനോദസഞ്ചാരികള്‍ക്കും വ്യവസായികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും താത്കാലിക വിസ നല്‍കും.
അതേസമയം, ട്രംപിന്റെ യാത്രാവിലക്ക് മുസ്ലിം വിരുദ്ധതയുടെ തെളിവാണെന്നാണ് പരക്കെ വിമര്‍ശനം ഉയരുന്നത്. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ മൂന്നെണ്ണം മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്.ഡെമോക്രാറ്റുകളും കുടിയേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും ട്രംപിന്റെ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിലും മുസ്ലിം വിരുദ്ധത ആയുധമാക്കാനാണ് ട്രംപിന്റെ തന്ത്രം.