വിദേശം

സെനറ്റ് രക്ഷിച്ചു; ട്രംപിനെ കുറ്റവിമുക്തനാക്കി ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാനിപ്പിച്ചു


ന്യൂയോര്‍ക്ക്: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് രക്ഷപ്പെടുത്തി. ഇതോടെ ട്രംപിനെതിരെ നാല് മാസം നീണ്ടു നിന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് അവസാനമായി.

അധികാര ദുര്‍വിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളാണ് നേരത്തെ ജനപ്രതിനിധിസഭ ട്രംപിന് മേല്‍ ചുമത്തിയിരുന്നത്. ഈ രണ്ട് കുറ്റങ്ങളിലും ട്രംപ് കുറ്റ വിമുക്തനാണെന്ന് സെനറ്റ് പ്രഖ്യാപിച്ചു.

വോട്ടെടുപ്പിലൂടെയാണ് ട്രംപ് കുറ്റവിമുക്തനായത്. അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന കുറ്റത്തില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്ന കുറ്റത്തില്‍ 47നെതിരെ 53 വോട്ടുകള്‍ക്കുമാണ് ട്രംപിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയത്. സെനറ്റില്‍ ഭൂരിപക്ഷമുള്ളത് ട്രംപിന്റെ കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ്.

100 അംഗങ്ങളുള്ള സെനറ്റില്‍ 67 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ പ്രമേയം പാസാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സെനറ്റില്‍ ഡെമോക്രാറ്റുകളുടെ എണ്ണം 47 മാത്രമാണ്.

അമേരിക്കന്‍ മുന്‍വൈസ്പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലത്തി എന്ന ആരോപണത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചത്. യു.എസില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.

ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തി.

'ഇന്ന്, പ്രസിഡന്റും സെനറ്റ് റിപ്പബ്ലിക്കന്‍മാരും അധാര്‍മ്മികതയെ സാധാരണവല്‍ക്കരിച്ച് നമ്മുടെ ഭരണഘടനയുടെ സന്തുലിതാവസ്ഥയെ നിരസിച്ചു' പൊലോസി പറഞ്ഞു.

സഭ പാസാക്കിയ ഇംപീച്ച്മെന്റ് ആര്‍ട്ടിക്കളില്‍ നിന്ന് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

'അമേരിക്കയുടെ ജനാധിപത്യത്തിന് ഒരു വെല്ലുവിളിയായി നില്‍ക്കുകയാണ് പ്രസിഡന്റ്. ഈ സംഭവത്തോടെ മനസിലാകുന്നത് അദ്ദേഹം നിയമത്തിനും മുകളിലാണെന്നാണ്. വേണമെങ്കില്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ അഴിമതി നടത്താന്‍ സാധിക്കും', അവര്‍ പറഞ്ഞു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions