തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ വന്‍ അപകടം. ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നു തീപിടിച്ചു മൂന്ന് പേര്‍ മരിച്ചു. 179 പേര്‍ക്ക് പരിക്ക് പറ്റി. ലാന്‍ഡിങ്ങിനു ശ്രമിക്കവെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തകര്‍ന്ന് തീ പിടിക്കുകയായിരുന്നു. ലാന്‍ഡിങിനിടെ 200 അടി തെന്നി മാറിയ വിമാനം മൂന്ന് കഷ്ണമായി തകര്‍ന്ന് ആണ് തീപിടിച്ചത്. 183 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ മൂന്നു പേരാണ് മരിച്ചത് 179 പേര്‍ക്കും പരിക്ക് പറ്റി. കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. രണ്ട് പൈലറ്റുമാരുടെ നില ഗുരുതരമാണ്.
പെഗസ്സസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് കനത്ത മഴയ്ക്കിടെ ലാന്‍ഡിങിന് ശ്രമിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടത്. തുര്‍ക്കി നഗരമായ ഇസ്മിറില്‍ നിന്നെത്തിയ ഈ വിമാനം ഇസ്താംബൂളിലെ സഭിയ ഗോക്കണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ശക്തമായ കാറ്റ് ഉണ്ടായിരുന്നു.
വിമാനത്തിന് തീപിടിച്ചതോടെ അഗ്നിശമന സേന പാഞ്ഞെത്തി തീകെടുത്തി. അല്ലായിരുന്നെങ്കില്‍ മറ്റൊരു വലിയ ദുരന്തമായി അത് മാറിയേനെ. അപകടത്തെ തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
അപകടം ഉണ്ടായതിന് പിന്നാലെ യാത്രക്കാരെ ഒഴിപ്പിക്കുയും പരിക്കേറ്റവരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു.