സന: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കപ്പെടാനാവില്ലെന്ന് യുഎന്‍ അറിയിച്ചു.
ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നത്. ശത്രുക്കളുടെ വിമാനം വെടിവെച്ചിട്ടുവെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കുന്ന മിസ്സൈലുമായി വന്ന യുദ്ധ വിമാനമാണ് തകര്‍ത്തതെന്നാണ് ഹൂതി വിമതരുടെ വിശദീകരണം. ഇതിന് പിന്നാലെ യായിരുന്നു സൗദിയുടെ യെമനിലെ ജനവാസ മേഖലയിലെ വ്യോമാക്രമണം.