യുഎസിലും ഓസ്‌ട്രേലിയയിലും കൊറോണ മരണം; വാഷിങ്ങ്ടണില്‍ അടിയന്തിരാവസ്ഥ, യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ങ്ടണ്‍ / മെല്‍ബണ്‍ : യൂറോപ്പിലും ഗള്‍ഫിലും ആശങ്കയുയര്‍ത്തി കൊറോണ അതിവേഗം പടരുന്നതിനിടെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും കൊറോണ മരണം സ്ഥിരീകരിച്ചു. ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 50 വയസുകാരിയാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാനില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന ആഢംബര കപ്പലിലെ യാത്രികരാണ്. പ്രഭവകേന്ദ്രമായി ചൈനയിലെ വുഹാനില്‍ വെച്ച് വൈറസ് പടര്‍ന്ന ഫെബ്രുവരി ആദ്യത്തോടെ അമേരിക്കന്‍ പൗരന്‍ മരണം സംഭവിച്ചത് യുഎസ് എംബസി സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചതോടെ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വാഷിങ്ങ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ങ്ടണിനു പുറമെ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ നിലവില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ നിന്നുള്ള യാത്രികര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യാത്രാ ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും, എല്ലാ സാഹചര്യങ്ങളും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തയമാക്കി. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇറാനില്‍ യാത്ര ചെയ്ത വിദേശ പൗരന്മാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനവും യുഎസ് നിരോധിച്ചു.
ഓസ്‌ട്രേലിയയിലും ആദ്യകൊറോണ മരണം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയിലെ പെര്‍ത്തില്‍ എഴുപത്തിയെട്ടുകാരനാണ് മരിച്ചത്. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ വെച്ചാണ് ഇയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ പെര്‍ത്തില്‍ നിരീക്ഷണത്തിലാണ്.
നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2900 ത്തോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ലോകത്ത് 85,000 ത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ രോഗം വ്യാപകമായി പടര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. പക്ഷെ ചൈനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയില്‍ കൊറോണ വൈറസ് കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നത് ആശങ്കക്ക് വഴിവെക്കുന്നു. വെള്ളിയാഴ്ച മാത്രം 813 കൊവിഡ് കേസുകളാണ് ദക്ഷിണകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ദക്ഷിണകൊറിയയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3150 ആയി. 17 പേരാണ് ഇവിടെ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കോവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന കഴിഞ്ഞാല്‍ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ദക്ഷിണകൊറിയ. പൊതുജന സംഗമ പരിപാടികളില്‍ നിന്ന് ഈ ആഴ്ച മാറി നില്‍ക്കാന്‍ ദക്ഷിണകൊറിയന്‍ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇറാനില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ഇറാനിയന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം 294 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 593 പേര്‍ക്ക് ഇതോടെ കോവിഡ് സ്ഥിരീകരിച്ചു. 43 പേരാണ് ഇറാനില്‍ കോവിഡ് പിടിപെട്ട് മരിച്ചത്.