യൂറോപ്പില്‍ കൊറോണ ഏറ്റവും ഭീതി വിതയ്ക്കുന്ന ഇറ്റലിയിലെ മേഖലയില്‍ കുടുങ്ങി 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇതിനകം കൊറോണ വൈറസ് ബാധ മൂലം 17 പേര്‍ കൊല്ലപ്പെട്ട ഇറ്റലിയിലെ വടക്കന്‍ നഗരമായ ലൊംബാര്‍ഡിയിലെ സര്‍വകലാശാല നഗരമായ പാവിയയില്‍ ഒരാഴ്ചയായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിരിക്കുകയാണ്. എത്രയും വേഗത്തില്‍ തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എസ്ഒഎസ് അയച്ചു.
ഏതാനും പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പല വിമാനങ്ങളും യാത്രകള്‍ ക്യാന്‍സല്‍ ചെയ്തത് തിരിച്ചടിയായി. പാവിയാ സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് വകുപ്പില്‍ ടീച്ചിംഗ് സ്റ്റാഫില്‍ പെടാത്തവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് ഇവര്‍. സര്‍വകലാശാലയില്‍ മാത്രം 15 പേര്‍ക്കോളം രോഗം കണ്ടെത്തിയിരിക്കുകയാണ്.
കുടുങ്ങി കിടക്കുന്നവരില്‍ പകുതി പേരോളം ഇന്ത്യയിലേക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ദിനംപ്രതി പല ഫ്‌ളൈറ്റുകളും ക്യാന്‍സല്‍ ചെയ്യുകയാണ്. ഇവരുടെ ഭക്ഷണവും വെള്ളവും അനുദിനം തീരുകയാണ്. കൊറോണ നിയന്ത്രണം മൂലം കടകളില്‍ പലയിടത്തും ആഹാര സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തങ്ങളെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി കേന്ദ്ര ഇടപെടല്‍ വേണമെന്നും കുട്ടികള്‍ പറയുന്നു.
പാവിയയില്‍ കുടുങ്ങിയിരിക്കുന്ന 85 പേരില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും 15 പേര്‍, ഡല്‍ഹിയില്‍ നിന്നും രണ്ടുപേര്‍ രാജസ്ഥാന്‍, ഗുര്‍ഗോണ്‍, ഡറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും. ഏറ്റവും കൂടുതല്‍ പേര്‍ തെലുങ്കാനയില്‍ നിന്നുമാണ്. 25 പേര്‍, കര്‍ണാടകത്തില്‍ നിന്നും 20 പേരും കുടുങ്ങിയവരില്‍ ഉണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് വഴിയുള്ള വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗം സ്വീകരിച്ചാലും കൂടുതല്‍ ദിവസമെടുക്കേണ്ടി വരുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
അതിനിടെ, മാര്‍പാപ്പയ്ക്ക് ചുമയും തുമ്മലും മൂലമുള്ള അസ്വാസ്ഥ്യങ്ങള്‍ മാത്രമാണുള്ളതെന്ന് മാര്‍പ്പാപ്പയുടെ വക്താവ് അറിയിച്ചു. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ മൂലം റോമില്‍ പങ്കെടുക്കാനിരുന്ന ധ്യാനശുശ്രൂഷയില്‍ നിന്ന് മാര്‍പാപ്പ മാറി നിന്നിരുന്നു. 2013ല്‍ സ്ഥാനമേറ്റതിനുശേഷം ഇതാദ്യായാണ് മാര്‍പാപ്പ ഇത്തരത്തില്‍ ഔദ്യോഗിക ദൗത്യനിര്‍വ്വഹണത്തില്‍ നിന്ന് മാറിനില്‍ക്കുന്നതായി അറിയിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിഭൂതി ബുധനാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലും അദ്ദേഹം അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
ഇന്നലെ നടക്കേണ്ടിയിരുന്ന തിരുക്കര്‍മ്മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അവസാന നിമിഷം എടുത്തതായിരുന്നു. ഇറ്റലിയില്‍ കൊറോണ ഭീതി വിതയ്ക്കുന്നതു കൊണ്ടും മാര്‍പ്പാപ്പയുടെ ശാരീരികമായ അസ്വസ്ഥതതകള്‍ പരിഗണിച്ചും അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. 1950നുശേഷം ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇത്തരത്തില്‍ നോമ്പുകാല ശുശ്രൂഷയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വത്തിക്കാന്റെ ഗസ്റ്റ് ഹൗസായ സാന്റാമാര്‍ട്ടയിലാണ് അദ്ദേഹം ഇപ്പോള്‍ വിശ്രമിക്കുന്നത്.
വിഭൂതി ബുധനോടനുബന്ധിച്ച് നടന്ന ശുശ്രൂഷയില്‍ പങ്കെടുക്കാനെത്തിയിരുന്ന ആളുകളില്‍ പലരും മാസ്‌ക് ധരിച്ചായിരുന്നു എത്തിയത്. ഇറ്റലിയില്‍ ഇതുവരെ 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 29 പേര്‍ കൊറോണമൂലം മരിക്കുകയും ചെയ്തു.