ജറുസലേം: കൊറോണ പടരുന്ന സാഹചര്യത്തില്‍ ബത്‌ലഹേമിലെ വിഖ്യാതമായ പള്ളി താല്‍ക്കാലികമായി അടച്ചു. പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് തീരുമാനമെന്നു ബത്‌ലഹേം പള്ളി അധികൃതര്‍ അറിയിച്ചു. ഇസ്രയേലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കിലാണു യേശുദേവന്റെ ജന്മസ്ഥലമെന്നു കരുതുന്ന മേഖലയില്‍ പള്ളി സ്ഥിതിചെയ്യുന്നത്. ബത്‌ലഹേം നഗരത്തിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്രീസില്‍നിന്നെത്തിയ സന്ദര്‍ശകര്‍ കഴിഞ്ഞമാസം തങ്ങിയിരുന്ന ഹോട്ടലിലെ നാലോളം ജീവനക്കാര്‍ അടക്കമുള്ളവരാണു വൈറസ് ബാധിതരായത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പള്ളികളും മോസ്‌കുകളും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും ഇതരസ്ഥാപനങ്ങളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ബത്‌ലഹേം പള്ളി താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. നിലവിലെ തീരുമാനപ്രകാരം 14 ദിവസം ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും.
ഇത്തവണത്തെ വിശുദ്ധനാട് തീര്‍ത്ഥാടനവും അനിശ്ചിതത്വത്തിലായി. യുകെയിലെ അടക്കം യൂറോപ്പിലെ വിശ്വാസികള്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
കൊറോണ ദുരന്തത്തെത്തുടര്‍ന്ന് ആഗോള വിമാനക്കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നഷ്ടം 11,300 കോടി ഡോളര്‍ കടക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ മുന്നറിയിപ്പ്. രോഗം ഉടന്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ നഷ്ടം 6300 കോടി ഡോളറില്‍ ഒതുങ്ങും.
ഏറ്റവും കൂടുതല്‍ നഷ്ടം ഏഷ്യന്‍, യൂറോപ്യന്‍ കമ്പനികള്‍ക്കായിരിക്കും. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തുണ്ടായ നഷ്ടത്തിനു തുല്യമായാണു വ്യോമയാന വ്യവസായ മേഖല ഇതിനെ കാണുന്നത്. അതിനിടെ, ബ്രിട്ടനിലെ ഫ്ലൈബീ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തി. നേരത്തേതന്നെ പ്രതിസന്ധിയിലായിരുന്ന ഫ്ലൈബീ, കൊറോണയുടെ ആഘാതത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ പൂര്‍ണ്ണമായി തകരുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ തകര്‍ച്ച പൂര്‍ണമായി.
ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വിമാനക്കമ്പനികള്‍ക്ക് 19 ശതമാനം ബിസിനസ് നഷ്ടപ്പെടുമെന്നാണു കണക്ക്. 3,000 കോടി ഡോളറിന്റെ നഷ്ടമെന്നാണു രണ്ടാഴ്ച മുമ്പ് വ്യോമയാനവ്യവസായ രംഗത്തെ സമിതിയായ അയാട്ട വിലയിരുത്തിയിരുന്നത്. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണു നേരിടുന്നതെന്നും ഇത് എങ്ങോട്ടു നീങ്ങുമെന്ന് യാതൊരു ധാരണയുമില്ലെന്നും അയാട്ട സി.ഇ.ഒ അലക്‌സാണ്ടര്‍ ഡി ജുനിക് പറഞ്ഞു.