ഒറ്റദിവസം മരിച്ചത് 97 പേര്‍, മരണസംഖ്യ 463 ലെത്തി; ഇറ്റലിയില്‍ യാത്രാ വിലക്ക്
ചൈനയ്ക്കു ശേഷം കൊറോണാവൈറസ് ഏറ്റവും നാശം വിതയ്ക്കുന്ന രാജ്യമായി ഇറ്റലി. അതിവേഗമാണ് ഇവിടെ വൈറസ് വ്യാപനം. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 97 പേര്‍ ആണ് ഇറ്റലിയില്‍ കൊറോണ മൂലം മരണമടഞ്ഞത്. മരണസംഖ്യ ഇതിനോടകം 463 ലെത്തി. രോഗം ബാധിച്ച പതിനായിരത്തിലേറെപ്പേര്‍ രാജ്യത്തുണ്ട്. യുകെയിലും ഇന്ത്യയിലും അടക്കം പുതിയ കേസുകള്‍ വരുന്നത് തന്നെ ഇറ്റലിയില്‍ നിന്നാണ്.
വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പാരാജയപ്പെടുന്നത് കണക്കിലെടുത്തു രാജ്യവ്യാപകമായി യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ . ടൂറിസ്റ്റുകളും വിശ്വാസികളുമില്ലാതെ തെരുവുകളും ആരാധനാലയങ്ങളും ഒറ്റപ്പെട്ടു. പൊതു പരിപാടികളില്ല. എങ്ങും ആശങ്ക മാത്രം. ജോലിക്ക് പോകുന്നത് മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും, മറ്റ് അത്യാവശ്യ കാരണങ്ങളും വിശദീകരിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് താമസിക്കുന്ന സ്ഥലത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയൂവെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗസിപ്പെ കോണ്ടെ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ രോഗം പടര്‍ന്നുപിടിച്ച നോര്‍ത്ത് മേഖലയില്‍ മാത്രം നിലനിന്ന വിലക്കുകള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയാണെന്ന് കോണ്ടെ വ്യക്തമാക്കി. പകര്‍ച്ചവ്യാധിയെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയാണ് 0 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് വിലക്കുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 21ന് രാജ്യത്ത് ആരംഭിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പരിഗണിക്കാതെ രാത്രിയില്‍ മദ്യപിക്കാനായി ഒത്തുകൂടുന്നവരെയും കൂച്ചു വിലങ്ങിട്ടു. 'നൈറ്റ് ലൈഫ് ആഘോഷം ഈ രീതിയില്‍ അനുവദിക്കാന്‍ കഴിയില്ല', കോണ്ടെ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 3 വരെയാണ് ഈ വിലക്കുകള്‍ രാജ്യത്ത് നിലനില്‍ക്കുക. നേരത്തെ ചില മേഖലകളില്‍ പ്രഖ്യാപിച്ച റെഡ് സോണുകള്‍ മാറ്റി രാജ്യം മുഴുവന്‍ സംരക്ഷിത മേഖലയാക്കി മാറ്റുകയാണ് ഇറ്റലി ചെയ്തിരിക്കുന്നത്. നോര്‍ത്തില്‍ പ്രഖ്യാപിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കുന്നത്. എല്ലാവരും വീടുകളില്‍ തുടരണംമെന്നു കോണ്ടെ കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയില്‍ സ്ഥിതിഗതികള്‍ ഇത്രഭയാനകമായിട്ടും ബ്രിട്ടനിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് വൈറസ് കണ്ടെത്താന്‍ യാതൊരു സ്‌ക്രീനിംഗും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഇറ്റലിയില്‍ നിന്നും എത്തുന്നവര്‍ 14 ദിവസത്തെ സ്വയം ഐസൊലേഷന്‍ തെരഞ്ഞെടുക്കാനാണ് ബ്രിട്ടീഷ് അധികൃതരുടെ ഉപദേശം.