കൊവിഡ് 19 വൈറസ് ബാധ അതിവേഗം പടരുന്ന അമേരിക്കയിലും യൂറോപ്പിലും പടര്‍ന്നുകയറുന്നു. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു.
രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര സാമ്പത്തിക പാക്കേജിനാണ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്.സെനറ്റിന്റെ അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ നേരിട്ട് സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 1700 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെറും 24 മണിക്കൂറില്‍ 18000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഫോര്‍ഡ്, ജെനെറല്‍ മോട്ടോര്‍സ് തുടങ്ങിയ വാഹന നിര്‍മാതാക്കളോട് അടിയന്തരമായി വെന്റിലേറ്ററുകള്‍ നിര്‍മിച്ചു തുടങ്ങാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചു .
ഒറ്റ ദിവസം 969 പേരുടെ ജീവന്‍ പൊലിഞ്ഞതോടെ ഇറ്റലിയില്‍ ആകെ മരണം ഒമ്പതിനായിരം കടന്നിട്ടുണ്ട്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി. മരണത്തില്‍ സ്‌പെയിന്‍ ഇറ്റലിക്ക് പിന്നാലെയുണ്ട്. എഴുനൂറിലേറെപ്പേരാണ് തുടരെ രണ്ടാം ദിവസവും സ്പയിനില്‍ മരിച്ചത്. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 4858 ആയി ഉയര്‍ന്നു.
190ലേറെ രാജ്യങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷത്തോളം എത്തിയിട്ടുണ്ട്. ലോകത്താകമാനം ഇന്നലെ മാത്രം മൂവായിരത്തിലേറെ പേര്‍ മരിച്ചു. ലോകത്താകെ മരിച്ചവരുടെ എണ്ണം 27,324 ആയി. ലോകത്തെ മൊത്തം രോഗബാധിതരില്‍ ആറ് ലക്ഷത്തില്‍ മൂന്ന് ലക്ഷവും യൂറോപ്പിലാണ്.
സൗദിയില്‍ വെള്ളിയാഴ്ച 92 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധിതര്‍ 1,100ന് മുകളിലെത്തി. മൂന്ന് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ ഇന്നലെ 72 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധികര്‍ 405 ആണ്. പതിനൊന്നു പേര്‍ മരിച്ച പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 ആയി.
ലോകം കൊവിഡ് ഭീതി നേരിടുന്ന സാഹചര്യത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായി പ്രാര്‍ത്ഥന നടത്തി.