മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. കോവിഡ് വൈറസ് രോഗബാധ മൂലം ആശുപത്രിയില് ചിതിത്സയിലായിരുന്നു. ഡല്‍ഹിയിലെ ഡിഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹത്തിന് 84 വയസായിരുന്നു.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. പക്ഷേ അതിന് ശേഷം ആരോഗ്യം വീണ്ടെടുത്തില്ല. കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു.
അദ്ദേഹത്തിന്റെ മകന്‍ അഭിജിത് മുഖര്‍ജിയാണ് അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 2015 സെപ്തംബറില്‍ പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചിരുന്നു. അഭിജിത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവര്‍ മക്കളാണ്.
2012 ജൂലൈ 25 നാണ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തെത്തിയത്.
സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിലെ മിറാതിയില്‍ 1935 ഡിസംബര്‍ 11 നായിരുന്നു ജനനം. പതിനൊന്ന് കിലോമീറ്റര്‍ നടന്നും പുഴ നീന്തികടന്നും സ്‌കൂളിലേക്ക് പോയിരുന്ന ബാല്യം, കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദങ്ങളുമായി പുറത്ത് എത്തിയ പ്രണബ് മുഖര്‍ജി യുഡി ക്‌ളര്‍ക്ക്, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ തുടങ്ങിയ റോളുകള്‍ പരീക്ഷിച്ചാണ് ഒടുവില്‍ ജനസഞ്ചയത്തിലേക്കിറങ്ങിയത്.
മിഡ്‌നാപ്പൂരില്‍ മല്‍സരിച്ച മലയാളിയായവികെ കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി 1969 ല്‍ ആദ്യം രാജ്യസഭയിലേക്കും പിന്നീട് കേന്ദ്ര മന്ത്രിസഭയിലേക്കും എത്തി. 1969 മുതല്‍ അഞ്ച് തവണ രാജ്യസഭയിലും 2004 മുതല്‍ രണ്ട് തവണ ലോക്‌സഭയിലും അംഗമായി. 23 വര്‍ഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്നു. 1973-74 കാലത്ത് വ്യവസായ-ധനകാര്യ വകുപ്പ് സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത്. 1982 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. 1980 മുതല്‍ 1985 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവുമായിരുന്നു. പ്ലാനിങ് കമ്മിഷന്‍ ഉപാധ്യക്ഷന്‍ (1991-1996), കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി (1993-1995), കേന്ദ്ര വിദേശകാര്യ മന്ത്രി (1995-1996, 2006-2009), കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി (2004-2006), കേന്ദ്ര ധനകാര്യ മന്ത്രി (2009-2012) സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2004 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായിരുന്നു.
മുഖര്‍ജിയുടെ പരിചയമുള്ള രാഷ്ട്രീയ നേതാക്കള്‍ കോണ്‍ഗ്രസില്‍ കുറവായിരുന്നു. ഇന്ദിരാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം കുറച്ചു കാലം സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് രാജീവിന്റെ കാലത്തു തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു്.
പിന്നീട് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ എത്തിതോടെ മുഖര്‍ജി പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടറായി.
ഇന്ദിരാ ഗാന്ധിയുടെ ധനമന്ത്രിയായിരുന്ന മുഖര്‍ജി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനുള്ള ഭാഗ്യം ഉണ്ടായില്ല. 2004 ല്‍ യു.പി.എ ഭൂരിപക്ഷം നേടിയപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പലരും കരുതി.പക്ഷേ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കി കോണ്‍ഗ്രസ് വീണ്ടും മുഖര്‍ജിയെ തഴഞ്ഞു. പിന്നീട് രണ്ടാം യു.പി.എ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിതാണപ്പോള്‍ 2012 ല്‍ മന്‍മോഹന്‍ സിങ്ങിനെ പ്രസിഡന്റാക്കി മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കുമെന്ന് ശ്രുതി പരന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. മുഖര്‍ജി യു.പി.എ യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതിയായിതെരഞ്ഞെടുക്കപ്പെടുകയായിരുന്നു.