കേരകര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി ശ്രീലങ്കന്‍ മന്ത്രി
കൊളംബോ: രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ജങ്ങളെ ബോധവല്‍ക്കരണം നടത്താന്‍ ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോ വാര്‍ത്താസമ്മേളനം നടത്തിയത് തെങ്ങിന്‍ മുകളിലിരുന്ന്. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍തോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ തെങ്ങില്‍ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടര്‍ന്നായിരുന്നു തെങ്ങിന്‍ മുകളിലിരുന്നുള്ള വാര്‍ത്താസമ്മേളനം. രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം അനുഭവിക്കുകയാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങുകള്‍ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണമെന്നും അതുവഴി രാജ്യത്തിന് നാളികേര കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലവില്‍ 700 ദശലക്ഷം നാളൈകേരത്തിന്റെ കുറവ് നേരിടുന്നതായി മന്ത്രി പറഞ്ഞു
ലോകത്താകമാനം നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയര്‍ന്നുവെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തെങ്ങ് ഒന്നിന് 100 രൂപ വച്ച് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക വിളകളുടെ ഉല്പാദനവും വ്യാവസായിക ഉല്പന്നങ്ങളുടെ നിര്‍മാണവും കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അരുന്ദിക ഫെര്‍ണാണ്ടോ.