മാനസിക, ലൈംഗികാതിക്രമങ്ങള്‍; അരലക്ഷം ഭക്തരുള്ള സൈബീരിയയിലെ വ്യാജ യേശു അറസ്റ്റില്‍
സ്വയം യേശു എന്ന് വിശേഷിപ്പിക്കുകയും യേശുദേവന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഭക്തരെ 'വീഴ്ത്തി'വന്ന സൈബീരിയയിലെ മുന്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അരലക്ഷം ഭക്തരുള്ള ഇയാള്‍ അനുയായികളെ മാനസിക ശാരീരിക പീഡനത്തിരയാക്കിയെന്നാണ് പരാതി. സൈബീരിയയില്‍ പെട്ടെന്ന് എത്തിപ്പെടാനാവാത്ത സ്ഥലത്ത് ആശ്രമം സ്ഥാപിച്ച കഴിയുകയായിരുന്ന 59 കാരനായ സെര്‍ജല്‍ ടോറോപിനെ റഷ്യന്‍ രഹസ്യ കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
നാല് ഹെലികോപ്റ്ററുകളും ഒരു ഡസനോളം വരുന്ന ട്രൂപ്പുമാണ് വ്യാജ യേശുവിനെ കുടുക്കാന്‍ എത്തിയത്. മോസ്കോയില്‍ നിന്ന് 2600 മൈല്‍ അകലെയുള്ള പെട്രോപാവലോവ്ക്ക എന്ന ചെറുഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റിലാകുമ്പോള്‍ ട്രാക്ക് സ്യൂട്ടായിരുന്നു വേഷം . വിസാരിയണ്‍ എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. അയ്യായിരത്തോളം വരുന്ന റഷ്യന്‍ വിശ്വാസികളെ മുതലെടുത്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇരുന്നൂറോളം പേര്‍ ഇയാള്‍ക്കൊപ്പം ആണ് താമസം. ഇയാളുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിച്ചിരുന്ന ആള്‍ക്കാരെ സൈക്കോളജിക്കല്‍ വയലന്‍സ് ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിമകളാക്കുന്നു എന്ന കേസും നിലവിലുണ്ട്.
ക്രിസ്ത്യന്‍ ചര്‍ച്ച് നിയമങ്ങളില്‍ വെള്ളം ചേര്‍ത്താണ് ഇയാള്‍ തന്റെ ഭക്തര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. യേശുവിനെ പോലെ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാളെ ദ ര്‍ശിക്കാനായി വളരെയധികം ഭക്തരാണ് കാത്തുനിന്നിരുന്നതെന്ന് ഇതിനു സാക്ഷ്യം വഹിച്ചിട്ടുള്ള ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തി.
'വിവാഹപ്രായം എത്തുന്ന പെണ്‍കുട്ടികളെ നല്ല കുടുംബിനികള്‍ ആക്കാനുള്ള ട്രെയിനിങ് സ്കൂള്‍ ഇയാള്‍ നടത്തിവരുന്നുണ്ട്. ആറു കുട്ടികളുടെ പിതാവായ ഇയാള്‍ കുടുംബാസൂത്രണത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഒരു വ്യക്തിക്ക് ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ആവാം എന്ന് വാദിച്ച ഇയാള്‍ കുട്ടികള്‍ സമൂഹത്തിന്റെ ആവശ്യമാണെന്നും അതിനാല്‍ ജനസംഖ്യാ നിയന്ത്രണത്തിന് മാര്‍ഗ്ഗങ്ങള്‍ നോക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന ഇയാളെ ആദ്യഭാര്യ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്, ഇയാളുടെ തന്നെ ചിത്രങ്ങള്‍ക്ക് മോഡലായ 19കാരിയെ വിവാഹം കഴിച്ചു.
നിര്‍മ്മാണ തൊഴിലാളിയുടെ മകനായിരുന്ന ഇയാള്‍ ട്രാഫിക് പോലീസ് ആയി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ കുറ്റവാളികളെ ശിക്ഷിക്കരുത്, അവര്‍ക്ക് മാപ്പ് നര്‍കണം തുടങ്ങിയ വാദഗതികള്‍ ഉന്നയിച്ചതിനെ തുടര്‍ന്നു ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പെട്ടിരുന്നു . പിന്നീട് ഒരു വര്‍ഷത്തിനുശേഷമാണ്, ദിവ്യദര്‍ശനം ലഭിച്ചതായി പൊതുജനമധ്യത്തില്‍ ഇയാള്‍ അവകാശപ്പെട്ടത്.
അനുയായികള്‍ക്ക് താമസിക്കാന്‍ സൈബീരിയയിലെ കൊടുംതണുപ്പില്‍ കുടില്‍കെട്ടി കൊടുത്തപ്പോള്‍, ഇയാള്‍ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നുനില വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ത്യയിലെ ആളുകളുമായും ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നു.
ഇവിടെ താമസിച്ചിരുന്നവര്‍ക്ക് കടുത്ത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. ഏത് വാഷിംഗ് പൗഡര്‍ ആണ് ഉപയോഗിക്കേണ്ടത് എന്നതുള്‍പ്പെടെയുള്ള വിചിത്രമായ നിര്‍ദേശങ്ങളാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ്, മരം കോച്ചുന്ന തണുപ്പില്‍ പോലും ഇയാളെ കാണാന്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് വന്നു കൊണ്ടിരുന്നത്. ആശ്രമത്തില്‍ വച്ച് രോഗം വരുന്നവര്‍ക്ക് ഒരു വിധത്തിലുള്ള ചികിത്സയും നല്‍കിയിരുന്നില്ല. ഇയാളുടെ നിര്‍ദ്ദേശപ്രകാരം ആത്മഹത്യചെയ്ത വ്യക്തികളുടെ ആത്മഹത്യാ കുറിപ്പിന്റെ ചിത്രങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതാണ് വഴിത്തിരിവായത്.