ഇറ്റലിയിലും വത്തിക്കാനിലും കോവിഡ് വ്യാപനം വീണ്ടും കൂടുന്നതിനിടെ ഇതാദ്യമായി പൊതുപരിപാടിയില്‍ മാസ്‌ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 11 സുരക്ഷാ ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോപ്പിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ഇതിനു പുറമെ പോപ്പ് താമസിച്ചിരുന്ന ഹോട്ടലില്‍ താമസിക്കുന്ന മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പകാലത്ത്, സ്വദേശമായ അര്‍ജന്റീനയില്‍ വെച്ചുതന്നെ, ചില ആരോഗ്യപരമായ കാരണങ്ങളാല്‍ പോപ്പിന്റെ ശ്വാസകോശങ്ങളില്‍ ഒന്ന് നീക്കം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ജാഗ്രത കൂടുതല്‍ ആവശ്യമാണ്.
മാത്രമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രായവും ശരീര ഭാരവും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ സ്ഥിരമായ പരിശോധനാ സംവിധാനങ്ങള്‍ അദ്ദേഹത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ, പ്രതിവാര ജനസമ്പര്‍ക്കത്തിന് പോകുമ്പോള്‍ കാറിനുള്ളില്‍ മാത്രമായിരുന്നു അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നത്. ലോകസമാധാനത്തിനായി, വിവിധ മതനേതാക്കള്‍ ഒരുമിച്ചു ചേര്‍ന്ന് നടത്തിയ പ്രര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ചോവ്വാഴ്ച്ച പൊതുവേദിയില്‍ പോപ്പ് മാസ്‌ക് ധരിച്ചത്.
റോമിലെ സാന്റാ മരിയ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോഴും അദ്ദേഹം വെളുത്ത മാസ്‌ക് ധരിച്ചിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആത്മീയ നേതാവ് പാത്രിയാര്‍ക്കീസ് ബര്‍ത്തലോമ്യൂവും അദ്ദേഹത്തോടൊപ്പം കുര്‍ബാനയ്ക്ക് ഉണ്ടായിരുന്നു. മറ്റ് മതനേതാക്കളെ പോലെ പ്രസംഗ സമയത്ത് പോപ്പ് മാസ്‌ക് ഊരിയെങ്കിലും അത് കഴിഞ്ഞ ഉടനെ മാസ്‌ക് വീണ്ടും ധരിച്ചു.
മാര്‍പ്പാപ്പ താമസിക്കുന്ന ഡോമസ് സാങ്ക്റ്റെ മാര്‍തേയിലെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനിലാണ്. 2013-ല്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതുമുതല്‍ അദ്ദേഹം താമസിക്കുന്നത് ഇവിടെയാണ്. സാധാരണക്കാരുടെ ഇടയില്‍ എപ്പോഴും ഉണ്ടാകണം എന്ന അഭിപ്രായത്തിലാണ് അപോസ്റ്റലിക് പാലസ് ഉപേക്ഷിച്ച് അദ്ദേഹം ഇവിടെ താമസമാരംഭിച്ചത്. ഇവിടയുള്ള ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പുറമേയാണ് മാര്‍പ്പാപ്പയുടെ അംഗരക്ഷകരായ സ്വിസ്സ് ഗാര്‍ഡിലെ പതിനൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇറ്റലിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ബാറുകളിലും റെസ്റ്റോറന്റുകളിലും വൈകിട്ട് 6 മണിക്ക് ശേഷം മാത്രമാണ് ടേബിള്‍ സര്‍വ്വീസ് അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ കൂടാനിടയുള്ള ചത്വരങ്ങളും മറ്റ് പൊതുസ്ഥലങ്ങളും രാത്രി 9 മണിക്ക് ശേഷം അടച്ചിടാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇന്നലെ 10,871 പേര്‍ക്കാണ് ഇറ്റലിയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 89 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.