എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ മാസം തികയാത്ത കുഞ്ഞിന്റെ മൃതശരീരം; വിമാനത്തിലെ 13 യുവതികളെ പിടിച്ചിറക്കി വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചു
ദോഹ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ബാത്ത്‌റൂമില്‍ മാസം തികയാത്ത കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയതിന്റെ പേരില്‍ വിമാനത്തിലെ 13 യുവതികളെ വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചത് വിവാദമായി. മാസം തികയാത്ത കുഞ്ഞിന്റെ അമ്മയാരെന്നറിയാന്‍ 13 ഓസ്‌ട്രേലിയന്‍ വനിതകളെയാണ് വിവരം മറച്ചുവച്ചു ബലമായി വസ്ത്രം ഉരിഞ്ഞ് സ്വകാര്യ ഭാഗങ്ങള്‍ പരിശോധിച്ചത്. ഇതിനെതിരെ പരാതിയുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി .
ഭ്രൂണം കണ്ടെത്തിയതിന്റെ പേരില്‍ വിമാനത്തില്‍ കയറിയ 13 ഓസ്‌ട്രേലിയന്‍ വനിതകളെ പിടിച്ചിറക്കി സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കുകയായിരുന്നു ദോഹ എയര്‍പോര്‍ട്ട് അധികൃതര്‍. കഴിഞ്ഞ മാസം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ആയിരുന്നു സംഭവം. വിഷയത്തില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി പരാതി അറിയിച്ചത്.
എയര്‍ലൈന്‍ ജീവനക്കാര്‍ ടെര്‍മിനല്‍ ബാത്ത്‌റൂമില്‍ മാസം തികയാതെ പുറത്തുവന്ന കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയതോടെയാണ് സിഡ്‌നിയിലേക്കുള്ള വിമാനത്തില്‍ കയറിയ സ്ത്രീകളോട് പുറത്തിറങ്ങാന്‍ ഉത്തരവിട്ടത്. ടാര്‍മാക്കില്‍ എത്തിയ ആംബുലന്‍സിലേക്കാണ് ഇവരെ മാറ്റിയത്. ഇവിടെ ഈ സ്ത്രീകളോട് അടിവസ്ത്രം നീക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. അനുമതി ഇല്ലാതെ തന്നെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഖത്തര്‍ എയര്‍വേയ്‌സിലെ യാത്രക്കാരികള്‍ക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്
എന്നാണ് റിപ്പോര്‍ട്ട്.
കുഞ്ഞിനെ കണ്ടെത്തിയ വിവരം പോലും ഈ സ്ത്രീകളെ അറിയിക്കാതെയായിരുന്നു പരിശോധന. എല്ലാവരും ആശങ്കപ്പെട്ടു. വിഷയം പുറത്തുവന്നതോടെ ഓസ്‌ട്രേലിയന്‍, ഖത്തര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ഗുരുതര പ്രശ്‌നമായി ഇത് മാറി. സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി പരാതി ഔദ്യോഗികമായി അറിയിച്ചെന്ന് ഓസ്‌ട്രേലിയന്‍ ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തി ഹോട്ടല്‍ ക്വാറന്റൈനിലേക്ക് മാറിയപ്പോഴാണ് സ്ത്രീകള്‍ സംഭവം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കിലും വിഷയം ഖത്തര്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് പരിശോധിക്കുകയാണ്.