വാഷിങ്ടണ്‍ : ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരവേ കടുത്ത മത്സര പ്രതീതി ഉയര്‍ത്തി ഇഞ്ചോടിഞ്ചു പോരാട്ടം. എങ്കിലും ആദ്യ സുചനകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലാണ്. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ല്‍ 236 ല്‍ ബൈഡനും 213 ല്‍ ട്രംപും മുന്നിലാണ്. 270 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു . ഒഹായോ, ടെക്സാസ് തുടങ്ങിയ നിര്‍ണ്ണായക സംസ്ഥാനങ്ങളിലും ട്രംപ് വിജയം ഉറപ്പിച്ചു. ഇതോടെ ഡൊണാള്‍ഡ് ട്രംപിനും സാധ്യത തെളിഞ്ഞു. വൈറ്റ് ഹൗസിലേക്ക് ഇനി ആര് എന്ന് അറിയാന്‍ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ഇരു പാര്‍ട്ടികളിലും ഉള്‍പ്പെടാത്ത സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്ള സംസ്ഥാനമാണ് ഫ്ലോറിഡ. മുതിര്‍ന്ന പൗരന്മാര്‍ കൂടുതലുള്ള ഈ സംസ്ഥാനത്തെ വിജയമായിരുന്നു കഴിഞ്ഞ തവണ ട്രംപിനെ പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ചത്. 29 ഇലക്ട്‌റല്‍ വോട്ടുകളാണ് ഈ സംസ്ഥാനത്തു ഉള്ളത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്‌റല്‍ വോട്ടുകള്‍ ഉള്ള സംസ്ഥാനം കൂടിയാണ് ഫ്ലോറിഡ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രസ്താവനകളുമായി ഇരു പാര്‍ട്ടികളിലെയും സ്ഥാനാര്‍ഥികള്‍ രംഗത്ത് വന്നു. വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഫ്ലോറിഡയിലെതു വമ്പിച്ച വിജയമാണെന്ന് ട്രംപും ട്വീറ്റ് ചെയ്തു.
അതെ സമയം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമപ്രകാരമായ പ്രക്രിയിലേയ്ക്ക് പോകാനുള്ള സാധ്യതകളും തെളിയുന്നുണ്ട് . ഇരു സ്ഥാനാര്‍ഥികളും വിജയം അവകാശപ്പെട്ടു കൊണ്ട് മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദത്തിന്റെ സാധ്യത ഉണ്ടാകുന്നത്.
പുലര്‍ച്ചെ അഞ്ചരയോടെ തന്നെ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങി. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിനാണ് വിജയം. പോസ്റ്റല്‍ വോട്ടിലൂടെ 10.2 കോടി ജനങ്ങളാണ് നേരത്തെ തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പോളിങ്ങിനാണ് ഇത്തവണ അമേരിക്ക സാക്ഷിയാകുക എന്ന സൂചനയാണ് നല്‍കുന്നത്. കോവിഡ് വകവെക്കാതെ ഇത്രയും പേര്‍ വോട്ടുചെയ്യാന്‍ എത്തിയെന്നതും പ്രാധാന്യമുള്ളതാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ ആയുധമാക്കിയതും കോവിഡ് വീഴ്ച തന്നെയായിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഫ്ലോറിഡ, അരിസോണ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാനാവുമെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം വേണ്ടതിനാല്‍ അന്തിമ ഫലം വൈകാനാണ് സാധ്യത. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പല സംസ്ഥാനങ്ങളിലെ സമയ വ്യത്യാസം പോളിംഗും വോട്ടെണ്ണലും വിവിധ സംസ്ഥാനങ്ങളില്‍ രണ്ടു സമയത്താകാനിടയാക്കും.
തെരഞ്ഞെടുപ്പ് രാത്രിയില്‍ തന്നെ പ്രസിഡന്റ് വിജയിയെ വാര്‍ത്താ ഏജന്‍സികള്‍ക്ക് തങ്ങളുടെ ഡാറ്റകള്‍ വെച്ച് പ്രൊജക്ട് ചെയ്യാന്‍ കഴിയും. എന്നാലും ഓരോ സംസ്ഥാനവും തങ്ങളുടെ ജനകീയ വോട്ടുകള്‍ ( പോപ്പുലര്‍ വോട്ടുകള്‍) വരും ദിവസങ്ങളില്‍ വ്യക്തമാക്കും.
സംസ്ഥാനങ്ങള്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയ ശേഷം പിന്നീട് ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുപ്പാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ഇലക്ടറല്‍ കോളേജ് പ്രതിനിധികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇവരാണ് പിന്നീട് അമേരിക്കന്‍ പ്രസിഡന്റിനായി വോട്ട് ചെയ്യുക.
ഡിസംബര്‍ 14 നാണ് ഇത് നടക്കുക. ജനുവരി 26 ന് ഈ ഫലം ക്യാപിറ്റലില്‍ എത്തിക്കുകയും സെനറ്റും ജനപ്രതിനിധിസഭയും ചേംബറില്‍ സംയുക്ത സമ്മേളനത്തോടെ വോട്ടുകള്‍ എണ്ണുകയും ചെയ്യും. സെനറ്റ് പ്രസിഡന്റായി അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റ് ഫലം പ്രഖ്യാപിക്കും. 538 ല്‍ 270 വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിയാവുക. ജനപ്രതിനിധി സഭയിലെ 435 സീറ്റും സെനറ്റിലെ 100 സീറ്റും ദേശീയ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയുടെ 3 പ്രതിനിധികളും ചേര്‍ത്താണ് 538 .