വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരുകയാണ്. നിര്‍ണായകമായ പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലം ഇത് വരെ പുറത്തു വന്നിട്ടില്ല. ജോര്‍ജിയ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ നെവാഡയില്‍ ജോ ബൈഡനാണ് ലീഡ്. നേരിയ മാര്‍ജിനിനാണ് നെവാഡയില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 49.3% വോട്ടുകളാണ് ബൈഡന് ലഭിച്ചത്. 48.7% വോട്ടുകള്‍ നേടി ബൈഡന് കനത്ത വെല്ലുവിളിയാണ് ട്രംപ് നെവാഡയില്‍ ഉയര്‍ത്തുന്നത്. നെവാഡയിലെ ആറ് ഇലക്ട്‌റല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ ബൈഡന് കേവലം ഭൂരിപക്ഷം നേടാനാകുമെന്നാണ് കണക്കുക്കൂട്ടല്‍. 75% വോട്ടുകളാണ് നെവാഡയില്‍ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. നിലവില്‍ 264 ഇലക്ട്‌റല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. 214 വോട്ടുകള്‍ ട്രംപും നേടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരവേ ഡെമോക്രാറ്റിക് അനുകൂലികളും റിപ്പബ്ലിക്ക് അനുകൂലികളും തെരുവിലിറങ്ങി. ഓരോ വോട്ടും കര്‍ശനമായി എണ്ണണമെന്നാണ് ഡെമോക്രാറ്റിക് അനുകൂലികളുടെ ആവശ്യം. എന്നാല്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെയ്ക്കണമെന്നാണ് റിപ്പബ്ലിക്ക് അനുകൂലികള്‍ ആവശ്യപ്പെടുന്നത്. മിഷിഗണില്‍ ജോ ബൈഡന്റെ വിജയ പ്രഖ്യാപനം വന്നപ്പോള്‍ ട്രംപിന്റെ അനുകൂലികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ നിന്ന് 'വോട്ടെണ്ണല്‍ നിര്‍ത്തൂ'എന്ന ആഹ്വാനങ്ങള്‍ മുഴക്കി. പോര്‍ട്ട് ലാന്റിലെ ഒരു റാലിയില്‍ തോക്കുമായി ഒരാള്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ അസോസിയേറ്റ് പ്രസ്സ് പുറത്തു വിട്ടിരുന്നു.
അതെസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് എന്ന വിശേഷണത്തിന് അര്‍ഹനാകുമെന്നു ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു . ജോ ബൈഡന് ഇപ്പോള്‍ 72 ദശ ലക്ഷം പോപ്പുലര്‍ വോട്ടുകളാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ബരാക്ക് ഒബാമയുടെ റെക്കാര്‍ഡിനെ മറികടക്കുന്നതാണ് ജോ ബൈഡന്‍ നേടിയ വോട്ടുകളെന്ന് അസ്സോസിയേറ്റ് പ്രസ്സിന്റെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 6,94,98,516 പോപ്പുലര്‍ വോട്ടുകളായിരുന്നു 2008-ലെ തെരഞ്ഞെടുപ്പില്‍ ബരാക്ക് ഒബാമ നേടിയത്. അമേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി വര്‍ധിച്ചിരുന്നു. ഇതായിരിക്കാം ജോ ബൈഡന്റെ വോട്ടില്‍ പ്രതിഫലിച്ചതെന്നാണ് ഫോക്സ് ന്യൂസിന്റെ വിലയിരുത്തല്‍. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാള്‍ 27 ലക്ഷം വോട്ടുകള്‍ക്ക് മുന്നിലാണ് ജോ ബൈഡന്‍.
ഇതിനിടെ തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന ജോ ബൈഡന്‍ വിജയ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടു തന്റെ ആദ്യ ഭരണ തീരുമാനം ട്വീറ്റ് ചെയ്തു. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയില്‍ അമേരിക്ക ചേരുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത് . നേരത്തെ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാന്‍ ട്രംപ് തീരുമാനിച്ചിരുന്നു. യു എസ് ഭരണകൂടം ഔദ്യോഗികമായി പാരീസ് ഉടമ്പടിയില്‍ നിന്നും പുറത്തു വരുന്നുവെന്ന വാര്‍ത്ത എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത പങ്കു വെച്ചുകൊണ്ടാണ് ജോ ബൈഡന്‍ തന്റെ ആദ്യ ഭരണ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്.
തപാല്‍ വോട്ടിങ് സംവിധാനത്തിലൂടെ ഏകദേശം പത്തു കോടിയിലധികം പേരാണ് ഇത്തവണ വോട്ടു ചെയ്തത്. അത് കൊണ്ട് തന്നെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ നടന്നിരിയ്ക്കുന്നത്. 1980ല്‍ 16 കോടി ജനങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ചാഞ്ചാട്ടം കാണിക്കുന്ന സ്‌റ്റേറ്റുകള്‍ ഇവയാണ്
ജോര്‍ജിയ (16 ഇലക്‌ടറല്‍ വോട്ടുകള്‍), നെവാഡ (6 ഇലക്‌ടറല്‍ വോട്ടുകള്‍), പെന്‍സില്‍വാനിയ(20 ഇലക്‌ടറല്‍ വോട്ടുകള്‍), നോര്‍ത്ത് കരോലിന(15 ഇലക്‌ടറല്‍ വോട്ടുകള്‍), അരിസോണ (11 ഇലക്‌ടറല്‍ വോട്ടുകള്‍), ഐയവ (6 ഇലക്‌ടറല്‍ വോട്ടുകള്‍) എന്നിവയാണവ.