ഫിസറുടെ കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന വാര്‍ത്ത ലോകം ആഹ്ലാദത്തോടെയാണ് ഏറ്റുവാങ്ങിയത്. ബയോഎന്‍ടെക്കുംയുഎസ് പങ്കാളി ഫിസറും ചേര്‍ന്ന് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ പ്രതീക്ഷയേക്കുമ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു ദമ്പതികളാണ്. കാന്‍സറിനെതിരെ പ്രതിരോധശേഷിയെ ഉപയോഗിക്കാനുള്ള പഠനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ജര്‍മ്മന്‍ ബയോടെക് സ്ഥാപനത്തിലെ ദമ്പതികളായ ഉഗുര്‍ സാഹിനും അദ്ദേഹത്തിന്റെ ഭാര്യയും സഹ ബോര്‍ഡ് അംഗവുമായ ഓസ്ലെം തുവെരെസിയുമാണത്.
കൊളോണിലെ ഫോര്‍ഡ് ഫാക്ടറിയില്‍ ജോലിക്കെത്തിയ തുര്‍ക്കി കുടിയേറ്റക്കാരന്റെ മകനാണ് ബയോഎന്‍ടെക് ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. ഭാര്യയും, ഭര്‍ത്താവും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി കൊറോണാവൈറസ് പോരാട്ടത്തില്‍ സുപ്രധാനമായി മാറുമ്പോള്‍ മൂല്യവും ഉയരുകയാണ്. നേട്ടങ്ങള്‍ക്കിടയിലും സാഹിന്റെ സാധാരണ നിലയിലുള്ള ജീവിതമാണ് ശ്രദ്ധേയം. ജീന്‍സ് അണിഞ്ഞ് സൈക്കിളും ചവിട്ടി വരുന്ന സാഹിനെയാണ് യോഗങ്ങളില്‍ കാണാറുള്ളതെന്ന് ബയോഎന്‍ടെക്കില്‍ ഫണ്ട് ഇറക്കിയ എംഐജി എജി ബോര്‍ഡ് അംഗം പറയുന്നു. മെഡിസിന്‍ പഠിക്കാനുള്ള കുട്ടിക്കാലത്തെ മോഹം സഫലമാക്കിയ സാഹിന്‍ ഫിസിഷ്യനായി മാറിയതോടെ കൊളോന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തു. ഇവിടെ വെച്ചാണ് തുവെരെസിയെ കണ്ടുമുട്ടുകയും മെഡിക്കല്‍ റിസേര്‍ച്ചിലേക്ക് ഒരുമിച്ച് തിരിയുകയും ചെയ്തത്.
വിവാഹ ദിവസവും ലാബില്‍ ജോലിക്ക് തങ്ങള്‍ മാറ്റം വരുത്തിയില്ലെന്ന് തുവെരെസി പറയുന്നു. പ്രതിരോധ ശേഷിയെ ക്യാന്‍സറിന് എതിരായ പോരാട്ടത്തില്‍ ഉപയോഗിക്കാനാണ് ഇവര്‍ ഗവേഷണം നയിക്കുന്നത്. ഇതിനിടെയാണ് ചൈനയില്‍ നിന്നുള്ള കൊറോണാവൈറസിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധിച്ച സാഹിന്‍ ഇതിനായി ജീവനക്കാരെ നിയോഗിച്ചത്. അതിവേഗത്തില്‍ തയ്യാറാക്കിയ കോമ്പൗണ്ടുകള്‍ ഫാര്‍മസി ഭീമ ന്‍ ഫിസറുടെ കണ്ണില്‍ പെട്ടതോടെയാണ് ഈ ദമ്പതികളുടെ അധ്വാനം സഫലമായി മാറിയത്.