ഫുട്ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞു ലോകം. ലോകമെമ്പാടും അര്‍ജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാണ്. ഡീഗോയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്യൂണസ് ഐറിസില്‍ മറഡോണയുടെ വീടിന് മുന്നിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്.
'നിങ്ങള്‍ ഞങ്ങളെ ലോകത്തിന്റെ മുകളിലെത്തിച്ചു. നിങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. എല്ലാവരിലും വലിയവനായി നിങ്ങള്‍ നിലനിന്നതിന് നന്ദി, ജീവിതകാലം മുഴുവന്‍ നിങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമാകും' അര്‍ജന്റീനന്‍ പ്രസിഡന്റ് ആര്‍ബേര്‍ട്ടോ ഫെര്‍ണാന്‍ഡസ് ട്വിറ്ററില്‍ കുറിച്ചു.
ഫുട്‌ബോളിനും അര്‍ജന്റീനക്കാര്‍ക്കും ഏറെ ദു:ഖം നല്‍കിയ ദിവസമാണ് ഇന്നത്തേതെന്ന് ലയണല്‍ മെസി പറഞ്ഞു. അദ്ദേഹത്തിനോടൊപ്പം ജീവിതത്തില്‍ ചെലവഴിച്ച സുന്ദര നിമിഷങ്ങള്‍ എനിക്കൊപ്പമുണ്ടാകും. കുടുംബത്തേയും സുഹൃത്തുക്കളേയും അനുശോചനമറിയിക്കുന്നു.
ഒരു സ്‌നേഹിതനോടുകൂടിയാണ് താന്‍ വിട ചൊല്ലുന്നതെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രതികരിച്ചു.
മറഡോണ ബുധനാഴ്ച ടിഗ്രെ നഗരത്തിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് അവിശ്വസനീയമാം വണ്ണം മറഡോണയുടെ മരണവാര്‍ത്തയെത്തുന്നത്. തലച്ചോറിനുളളില്‍ രക്തം കട്ട പിടിച്ചതിനെത്തുടന്ന് മറഡോണ രണ്ടാഴ്ച്ച മുന്‍പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വിഷാദരോഗവും ഡിയഗോയെ അലട്ടിയിരുന്നു. അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ പരിശീലകനായിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍.
സാക്ഷാല്‍ പെലെയോടൊപ്പം ചിലപ്പോള്‍ പെലെയേക്കാള്‍ മുകളില്‍ തന്റെ പ്രതിഭയെ പ്രതിഷ്ഠിച്ച മറഡോണ പതിനാറാം വയസ്സില്‍ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറുന്നത്.
തൊട്ടുത്ത വര്‍ഷം അര്‍ജന്റീനയെ യൂത്ത് കപ്പ് ചാമ്പ്യന്‍മാരാക്കിയ ക്യാപ്റ്റന്‍. തുടക്കം മാത്രമായിരുന്നു അത്. പൊക്കമില്ലാത്ത ആ മനുഷ്യന്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു. പന്ത് കാലില്‍ ഘടിപ്പിച്ചുവെന്ന് തോന്നിപ്പിക്കും വിധം അയാള്‍ എതിരാളികളെ കബളിപ്പിച്ച് ഗോളുകള്‍ നേടി.
1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി. 1982 ല്‍ ആദ്യമായി ലോകകപ്പ് അരങ്ങേറ്റം. ആ ലോകകപ്പില്‍ പക്ഷെ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന രണ്ടാം റൗണ്ടില്‍ പുറത്തായി.
തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റനായ മറഡോണ ചരിത്രം സൃഷ്ടിച്ചു. ജൂണ്‍ 22ന് മെക്സിക്കോയിലെ അസ്ടെക്ക് സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു 'ദൈവത്തിന്റെ കൈ' സഹായത്തോടെ മറഡോണയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു വിവാദ ഗോള്‍. പെനല്‍റ്റി ബോക്സിനു പുറത്ത് വച്ച് ഉയര്‍ന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു. അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേയ്ക്കാണ് ഉയര്‍ന്നെത്തിയത്. പന്തു തട്ടിയകറ്റാന്‍ ചാടിയുയര്‍ന്ന ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യില്‍ തട്ടി പന്ത് വലയിലേക്ക്.
ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ഹാന്‍ബോള്‍ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും റഫറി അംഗീകരിച്ചില്ല. എന്നാല്‍ രണ്ടാം ഗോള്‍ മറഡോണയിലെ ഇതിഹാസത്തെ അടയാളപ്പെടുത്തിയ ഗോളായിരുന്നു. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.
ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും നേടി. അര്‍ജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുകള്‍.
2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി. തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു.
ലോകകപ്പുകളിലും, ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വാക്ക് തര്‍ക്കങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.
മറഡോണയെന്ന കാല്‍പ്പന്ത് കളിക്കാരന്‍ ഒരുപിടി ഓര്‍മ്മകളുമായി മടങ്ങുകയാണ്.